കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്കാരം; ‘മാതാ’ പേരാമ്പ്രയെ ഇനി പരിപാടികൾക്ക് വിളിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
text_fieldsകോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനം വിവാദമാക്കി ദൃശ്യാവിഷ്കാരമൊരുക്കിയ ‘മാതാ’ പേരാമ്പ്ര എന്ന കലാസംഘത്തെ ഇനി പരിപാടികൾ ഏൽപിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ദൃശ്യാവിഷ്കാരം വിവാദമാക്കിയത് അത് ചിട്ടപ്പെടുത്തിയ ‘മാതാ’ പേരാമ്പ്ര സ്ഥാപനത്തിന്റെ മേധാവിയായ കനകദാസിന്റെ പ്രവൃത്തിയാണെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവ് സംഭവിച്ചെന്ന് കുറ്റപ്പെടുത്തുന്നത്. ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ ഒന്നിലും മാതാ പേരാമ്പ്രയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടെന്നും അതിബൃഹത്തായ സാംസ്കാരിക ഉത്സവത്തിൽ വേഷവിധാനം ഒരുക്കുമ്പോൾ സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വിഷയങ്ങൾ ഉണ്ടാകരുതായിരുന്നുവെന്നും ഉപ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ടത്.
ദൃശ്യത്തിൽ പട്ടാളക്കാരാൽ പിടിക്കപ്പെടുന്ന വ്യക്തിക്കുള്ള വസ്ത്രങ്ങൾ മുൻവിധിയോടെ തെരഞ്ഞെടുത്തതല്ലെന്നും വേഷം അവതരിപ്പിച്ച കലാകാരന്റെ ബാഗിലുണ്ടായിരുന്ന ഖാദി തോർത്ത് തലയിൽ കെട്ടുകയായിരുന്നുവെന്നുമാണ് കനകദാസിന്റെ വിശദീകരണം. ഏതെങ്കിലും മതവിഭാഗത്തെ അധിക്ഷേപിക്കാനുള്ള ഉദ്ദേശം വേഷവിധാനത്തിനോ ദൃശ്യാവിഷ്കാരത്തിനോ ഇല്ലെന്നും വിമർശനങ്ങൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്നുമാണ് മറുപടി. കേരള നിയമസഭയിൽ കേരളപ്പിറവി വജ്ര ജൂബിലി പരിപാടിയിൽ ഉൾപ്പെടെ ഏഴ് തവണ നൃത്തപരിപാടി ഒരുക്കിയ സ്ഥാപനമാണ് മാതാ പേരാമ്പ്രയെന്നും കേന്ദ്ര സർക്കാറിന്റെ പ്രൊഡക്ഷൻ ഗ്രാന്റും സാലറി ഗ്രാന്റും ലഭിക്കുന്നുണ്ടെന്നും കനകദാസ് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
നിരവധി തവണ റിഹേഴ്സൽ ക്യാമ്പ് സന്ദർശിച്ചെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് റിപോർട്ടിൽ പറയുന്നു. ജനുവരി ഏഴിന് കാരാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവസാന റിഹേഴ്സൽ നടത്തിയപ്പോഴും വേഷവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കലോത്സവ വേദിയിലെ അവതരണ സമയത്ത് തീവ്രവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയെ ഉപയോഗിച്ചത് വിവാദമായതോടെ കനകദാസിനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയതായും ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ദൃശ്യാവിഷ്കാരം വിവാദമായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പേർ രംഗത്തുവന്നിരുന്നു. തുടർന്നാണ് ഔദ്യോഗികമായി അന്വേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.