Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എന്നാ പിന്നെ...

'എന്നാ പിന്നെ അനുഭവിച്ചോ', '89 വയസ്സുള്ള തള്ളയെ ഇവിടെ എത്തിക്ക്​' -അത്ര ​'ഫൈൻ' അല്ലാത്ത ചില ജോസഫൈൻ വർത്തമാനങ്ങൾ

text_fields
bookmark_border
എന്നാ പിന്നെ അനുഭവിച്ചോ, 89 വയസ്സുള്ള തള്ളയെ ഇവിടെ എത്തിക്ക്​ -അത്ര ​ഫൈൻ അല്ലാത്ത ചില ജോസഫൈൻ വർത്തമാനങ്ങൾ
cancel

വനിത കമ്മീഷൻ അധ്യക്ഷയായിരിക്കെ നാല് വര്‍ഷത്തിനിടെ എം.സി. ജോസഫൈന്‍റെ ചില നിലപാടുകളും പ്രസ്​താവനകളും വിവാദമായിരുന്നു. പല തവണ ജോസഫൈന്‍ മോശം പ്രതികരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 2017 മേയ് 27ന് ചുമതലയേറ്റത് മുതല്‍ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ജോസഫൈന്‍റെ സഞ്ചാരം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം പക്ഷപാതപരമായി എടുത്ത നിലപാടുകളിലൂടെയും പ്രതികരണങ്ങളിലുടെയും വലിയ വിമര്‍ശനങ്ങളാണ് ജോസഫൈൻ ക്ഷണിച്ചുവരുത്തിയത്​.

'ഞങ്ങളുടെ പാർട്ടി ഒരു കോടതിയും കൂടിയാണ്, പൊലീസ് സ്റ്റേഷനുമാണ്.'

സി.പി.എം നേതാവ് മുൻ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ജോസഫൈന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്. പി.കെ ശശിക്കെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുത്ത്​ തുടർ നടപടികൾ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അവരുടെ വിവാദ പ്രതികരണം.

'ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം എന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പീഡനത്തിരിയായ പെൺകുട്ടി പാർട്ടിക്കാണ്​ പരാതി നൽകിയ​ത്​. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല' എന്നാണ്​ ജോസഫൈന്‍ പറഞ്ഞത്​.

'89 വയസ്സുള്ള തള്ളയെ എന്നാൽ വനിത കമ്മീഷനിൽ എത്തിക്ക്​'

അയല്‍വാസി വീട്ടില്‍ കയറി മർദിച്ച സംഭവത്തില്‍ നീതി തേടി വനിത കമ്മീഷനിലേക്ക് ഫോണ്‍ വിളിച്ച വൃദ്ധക്കും കുടുംബത്തിനും ജോസഫൈന്‍റെ രൂക്ഷ ശകാരം നേരി​ടേണ്ടി വന്നിരുന്നു. പരാതിക്കാരി കമ്മീഷന്‍റെ ഹിയറിങിന്​ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ടപ്പോൾ ഒഴിവാക്കാൻ 89 വയസ്സുള്ളത്​ കൊണ്ട്​ അതൊഴിവാക്കാൻ പറ്റുമോയെന്നറിയാൻ വിളിച്ചപ്പോഴായിരുന്നു ഇത്​. വിവാദമായ ആ ഫോൺ സംഭാഷണം ഇങ്ങനെയായിരുന്നു.

പരാതിക്കാരിയുടെ ബന്ധു -എന്‍റെ വല്യമ്മക്കിട്ട്​ ഒരാള്​ അടിച്ചതിന്‍റെ പരാതി കൊടുത്തിട്ടുണ്ടാരുന്നു. 28ന്​ അടൂരിൽ വരാനാ പറഞ്ഞിരിക്കുന്നത്​. വല്യമ്മക്ക്​ ഒട്ടും വയ്യാത്ത ആളാ. ഇത്ര ദൂരം വരാൻ പറ്റില്ല. അപ്പോൾ അതിന്​ എന്താ ചെയ്യേണ്ടേ?

ജോസഫൈൻ- ആരാണ് പരാതിക്കാരി

പരാതിക്കാരിയുടെ ബന്ധു - എന്‍റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്

ജോസഫൈൻ - അപ്പോ പിന്നെ പരാതി കൊടുക്കാൻ പോയത്​ എന്തിനാ?

പരാതിക്കാരിയുടെ ബന്ധു- ഒരാള്​ അടിച്ച കേസ്​ ആയിരുന്നു

ജോസഫൈൻ -അത് പൊലീസ് സ്റ്റേഷനിൽ പരാതി​പ്പെട്ടാൽ പോരായിരുന്നോ? 89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്തോന്നാ പറയേണ്ടത്. പരാതിക്കാരിയുടെ ബന്ധു -പൊലീസുകാരി പരാതി എടുക്കാത്തത്​ കൊണ്ടാണ്​

ജോസഫൈൻ-89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു? ഇതിലൊക്കെ ആരെക്കൊണ്ടെങ്കിലും ഇടപെടീക്കേ​ണ്ടേ

പരാതിക്കാരിയുടെ ബന്ധു - പൊലീസ്​ സ്​റ്റേഷനിൽ പരാതി കൊടുത്താരുന്നു. അവർ അത്​ കാര്യമായി ഇടപെടാഞ്ഞതുകൊണ്ടാ വനിത കമ്മീഷനിൽ പരാതി കൊടുത്തത്​?

ജോസഫൈൻ (ദേഷ്യത്തോടെ) -അപ്പോൾ ആരെയെങ്കിലും ബന്ധപ്പെടുത്തേണ്ടേടോ. 89 വയസ്സുള്ള തള്ളയെ കൊണ്ട്​ പരാതി കൊടുപ്പിച്ചിരിക്കുന്നു.

പരാതിക്കാരിയുടെ ബന്ധു -അപ്പോൾ ഇതു വനിത കമ്മീഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്

ജോസഫൈൻ - 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്. എത്തിക്കെടോ. വനിത കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. മനസ്സിലായോ.സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റുമോ.ഇല്ലലോ. കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിത കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്ക​ണ്ടേ

പരാതിക്കാരിയുടെ ബന്ധു- തിരുവല്ലയായിരുന്നേൽ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ. ഒരുപാട് ദൂരമുണ്ട്

ജോസഫൈൻ - അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ. ഞാനൊന്നും പറയുന്നില്ല. അത്​ നിങ്ങളുടെ ഇഷ്​ടം. വരികയോ, വരാതിരിക്കുകയോ ചെയ്യാം.

'വിജയരാഘവനെ ശക്തമായി വിമര്‍ശിച്ചത് ഞാൻ'

രമ്യ ഹരിദാസ്​ എം.പിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ അധിക്ഷേപിച്ചപ്പോൾ എം.സി. ജോസഫൈന്‍റെ ഭാഗത്ത്​ നിന്നുണ്ടായ പ്രസ്​താവനയും വിവാദത്തിന്​ തിരികൊളുത്തിയിരുന്നു. രമ്യഹരിദാസിന്​ നേരിട്ട്​ പരാതി നൽകാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ ജോസഫൈന്‍റെ പ്രതികരണം. വനിത കമ്മീഷൻ സ്വമേധയ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കില്ലെന്ന സൂചനയായിരുന്നു അവർ അന്ന്​ നൽകിയത്​. രമ്യ രാഷ്​ട്രീയനേട്ടത്തിന്​ ശ്രമിക്കുകയാണെന്ന പ്രസ്​താവനയും വനിത കമ്മീഷന്‍റെ ഭാഗത്ത്​ നിന്നും ഉണ്ടായി. രമ്യാ ഹരിദാസിനെതിരായ മോശം പരാമർശത്തിൽ എ. വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നുമായിരുന്നു ജോസഫൈന്‍റെ പ്രതികരണം.

'മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും'

ലൈംഗികാതിക്രമ പരാതിയില്‍ മുൻ എം.എല്‍.എ പി.കെ. ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന് പറഞ്ഞാണ് ജോസഫൈന്‍ വിവാദ പരാമര്‍ശം നടത്തിയത്. 'ഇര പരാതി പുറത്ത് പറയുകയോ, പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കാനാകുക. പാര്‍ട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്​. പാര്‍ട്ടിയില്‍ മുന്‍പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും'– ജോസഫൈന്‍ പറഞ്ഞു.

'എന്നാ പിന്നെ അനുഭവിച്ചോ'

ഏറ്റവുമൊടുവില്‍ എം.സി. ജോസഫൈന്‍റെ രാജിക്ക് കാരണമായ വിവാദ പരാമർശം ഇതായിരുന്നു. സ്വകാര്യ ചാനലിലെ ചര്‍ച്ചയിലേക്ക്​ വിളിച്ച ഭര്‍ത്യപീഡനത്തിനിരയായ സ്ത്രീയുടെ പരാതി കേള്‍ക്കുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചത്.

എറണാകുളത്ത് നിന്നുമായിരുന്നു സ്ത്രീ ടെലിവിഷന്‍ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നുമായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ 'എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mc josephinemc josephine controversy
News Summary - Controversial statements by MC Josephine
Next Story