വിവാദ സിലബസ് പഠിപ്പിക്കില്ല -കണ്ണൂർ വി.സി
text_fieldsകണ്ണൂർ: ആർ.എസ്.എസ് താത്വികാചാര്യൻമാരായ ഗോൾവാർക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറി. വിവാദ പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ്ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്തമാക്കി.
എം.എസ് ഗോൾവാർക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ വിവാദ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ഇവ ഉൾപ്പെടുത്തിയത്.
വിവാദ സിലബസ് പിൻവലിക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് വി.സി നേരത്തെ വ്യക്തമാക്കിയിരുന്നു. എക്കാലത്തും ആർ.എസ്.എസിനേയും ബി.ജെ.പിയേയും എതിർത്തിട്ടുള്ളയാളാണ് താൻ. ഇപ്പോഴുള്ള വിവാദങ്ങളിൽ സങ്കടമുണ്ട്. ഗോൾവാർക്കറും സവർക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെ കുറിച്ച് പഠിക്കുേമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന് വിദ്യാർഥികൾ മനസിലാക്കണം. ഒരു തത്വശാസ്ത്രത്തെ എതിർക്കാനാണെങ്കിലും അതിനെ കുറിച്ച് ധാരണയുണ്ടാവണം. അതിനാലാണ് ആർ.എസ്.എസ് സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നത് -അദ്ദേഹം പറഞ്ഞു. പുസ്തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത് താലിബാൻ രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.