സൗജന്യ ആപ് സേവനത്തിനെതിരെ പൊലീസിൽ വിമർശനം
text_fieldsതൃശൂർ: പൊലീസുകാരുടെ മക്കൾക്ക് ഓൺലൈൻ ട്യൂട്ടോറിയൽ പഠനത്തിന് സ്വകാര്യ കമ്പനിയുടെ ആപ് സൗജന്യമായി ഉപയോഗിക്കാമെന്ന പൊലീസ് തീരുമാനത്തിനെതിരെ കടുത്ത വിമർശനം. സൗജന്യസേവനം കെണിയാണെന്നും ഉന്നതതല ഗൂഢാലോചനയുണ്ടെന്നും സേനക്കുള്ളിൽനിന്ന് തന്നെ വിമർശനമുയർന്നു.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി നിർവഹിക്കാനിരിക്കെ പൊലീസിെൻറ ഔദ്യോഗിക പേജുകളിലുൾപ്പെടെ വിമർശനമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പൊലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് സ്വകാര്യ കമ്പനി മക്കൾക്ക് സൗജന്യ ആപ് സൗകര്യം ലഭ്യമാക്കുന്നതെന്നും ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യമായി ലഭ്യമാക്കുന്നതെന്നുമാണ് വിശദീകരണം. എന്നാൽ, സ്വകാര്യസ്ഥാപനത്തിെൻറ മാർക്കറ്റിങ്ങിന് പൊലീസിനെ ഉപയോഗിക്കുന്നെന്നതാണ് ആദ്യ വിമർശനം.
പൊലീസുകാരുടെ മക്കൾ പോലും ഈ ആപ്പ് ഉപയോഗിക്കുന്നു എന്നത് പൊതുജനത്തിന് മുന്നിൽ കമ്പനിക്ക് അവതരിപ്പിക്കാൻ കഴിയും. വിവിധ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുമായി വായ്പാ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലെ മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തിക്കുന്നതല്ല ഇത്തരം കമ്പനികൾ. സൗജന്യ കാലാവധി കഴിഞ്ഞാലും പണം മുടക്കി തുടരാൻ നിർബന്ധിതരാവുമെന്നും പൊലീസുകാരുടെ മക്കൾക്കെന്ന വ്യാജേന, സംസ്ഥാനത്തെ നിയമസംവിധാനത്തെയാണ് സ്വകാര്യ കമ്പനി കൈക്കലാക്കുന്നതെന്നുമാണ് വിമർശകർ പറയുന്നത്. നിരവധി വിലാസങ്ങളടക്കമുള്ള ഡാറ്റകൾ ഇതിലൂടെ കമ്പനിക്ക് ലഭിക്കുമെന്നതടക്കമുള്ള ആക്ഷേപങ്ങൾ സേനയിൽനിന്ന് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.