ബഷീറിനെ ‘തീവ്രവാദി’യാക്കിയുള്ള ചോദ്യാവലി സ്കൂളില്‍ വിതരണം ചെയ്ത് വിവാദം
text_fieldsകോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിനെ ‘തീവ്രവാദി’യാക്കിയുള്ള ചോദ്യാവലി സ്കൂളില്‍ വിതരണം ചെയ്തത് വിവാദത്തിൽ. ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിന് മുന്നോടിയായ വിവാദ പരാമര്‍ശമടങ്ങിയ ചോദ്യാവലി നല്‍കിയത്.
തീവ്രവാദ സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തില്‍ ഏതു തൂലികാനാമത്തിലാണ് ബഷീര്‍ ലേഖനങ്ങള്‍ എഴുതിയത് എന്ന ചോദ്യമാണുണ്ടായിരുന്നത്. വിഷയം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ‘ഉജ്ജീവന’ത്തിന്റെ പ്രസാധകന് പി.എ. സൈനുദ്ദീന്‍ നൈനയുടെ മകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതോടെ വിവിധ കോണുകളിൽനിന്ന് വിമർശനവും ഉയർന്നു. തന്റെ പേരമകന് വീട്ടില്‍കൊണ്ടുവന്ന ചോദ്യാവലിയിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളതെന്നും ആരാണ് ഇത് തയാറാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞശേഷം വൈക്കം മുഹമ്മദ് ബഷീറും പി.എ. സൈനുദ്ദീന്‍ നൈനയും ചേര്‍ന്ന് തുടങ്ങിയ ‘ഉജ്ജീവനം’ പത്രത്തെയാണ് തീവ്രവാദ പത്രമായി വിശേഷിപ്പിച്ചത്.
സഹോദരന് അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയിരുന്നത്. ചോദ്യാവലി തയാറാക്കിയത് ആരായാലും ‘ഉജ്ജീവനം’ പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ നാളെ അത് ഭീകരസംഘടനയായി മാറും, ബഷീറും സൈനുദ്ദീന്‍ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും. അത് തടയാന്‍ സാംസ്കാരിക കേരളം ശബ്ദമുയർത്തണമെന്നും ജമാൽ കൊച്ചങ്ങാടി ആവശ്യപ്പെട്ടു.
അതേസമയം, ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിന് മുന്നോടിയായി യൂട്യൂബിൽനിന്നെടുത്ത ചോദ്യാവലിയിലാണ് വിവാദ പരാമർശങ്ങൾ വന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സ്കൂൾ നേരിട്ട് ചോദ്യാവലി തയാറാക്കുന്നതിനുപകരം മട്ടന്നൂർ ബി.ആർ.സി തയാറാക്കിയ ചില ഭാഗങ്ങൾ ഇന്റർനെറ്റിൽനിന്ന് എടുക്കുകയായിരുന്നു. വിവാദ പരാമർശം ശ്രദ്ധയിൽപെട്ടതോടെ മത്സരത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.