നേതാക്കളുടെ തർക്കം കോൺഗ്രസിന് ക്ഷീണമായി
text_fieldsതിരുവനന്തപുരം: കോട്ടയത്ത് വാർത്തസമ്മേളനത്തിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുണ്ടായ തർക്കം പാർട്ടിക്ക് ക്ഷീണമായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ നടന്ന വാർത്തസമ്മേളന ദൃശ്യങ്ങളാണ് ആഴ്ചകൾക്കുശേഷം പുറത്തുവന്നത്.
രണ്ട് നേതാക്കളും മൈക്കിനുവേണ്ടി പോരടിക്കുന്നതിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിച്ചു. കോട്ടയം ഡി.സി.സി ഓഫിസിലാണ് വാർത്തസമ്മേളനം നടന്നത്. കെ.പി.സി.സി പ്രസിഡന്റിനായി ഇരിപ്പിടം മാറിയപ്പോൾ വി.ഡി. സതീശൻ ചാനൽ മൈക്കുകളും നീക്കി. താൻ തുടങ്ങാമെന്ന് സുധാകരൻ പറഞ്ഞെങ്കിലും സതീശൻ വഴങ്ങിയില്ല. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ താൻ തുടങ്ങാമെന്ന് സുധാകരൻ വീണ്ടും പറഞ്ഞതോടെ വി.ഡി. സതീശൻ മൈക്ക് സുധാകരന്റെ മുന്നിലേക്ക് നീക്കിവെച്ചു. സുധാകരന്റെ നിലപാടിൽ സതീശന് അമർഷമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. കോൺഗ്രസ് പ്രവർത്തകർ ഷാൾ അണിയിക്കാൻ വന്നപ്പോൾ സതീശൻ സ്വീകരിച്ചില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെ എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ എന്ന് പറഞ്ഞ് ഒഴിയുകയും ചെയ്തു.
വൈറൽ വിഡിയോയിൽ വിശദീകരണവുമായി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് നൽകാൻ വേണ്ടിയാണ് വാർത്തസമ്മേളന വേദിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആദ്യം സംസാരിക്കാൻ വാശിപിടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാർത്തസമ്മേളനത്തിൽ ആദ്യം സംസാരിക്കാൻ ഇരുവരും തർക്കിക്കുന്ന വൈറൽ വിഡിയോയെക്കുറിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്രെഡിറ്റ് പറയുന്നതിൽ അനൗചിത്യമുള്ളത് കൊണ്ടാണ് അത് വേണ്ടെന്ന് പറഞ്ഞത്. കോട്ടയം ഡി.സി.സിയിൽ നടന്ന വാർത്തസമ്മേളനത്തിന് മുമ്പ്, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് താൻ പറയാൻ പോകുകയാണെന്ന് സുധാകരൻ പറഞ്ഞു. ഒരു കാരണവശാലും പറയരുതെന്ന് ഞാൻ പറഞ്ഞു. ടീം യു.ഡി.എഫിനാണ് മുഴുവൻ ക്രെഡിറ്റുമെന്ന് അങ്ങ് പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു.
അങ്ങനെ പറയാൻ വന്ന കെ. സുധാകരനെ ആദ്യം സംസാരിപ്പിക്കാതിരിക്കാനാണ് ഞാൻ നോക്കിയത്. കെ.പി.സി.സി പ്രസിഡന്റായ ഞാൻ ആദ്യം പറയുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ മൈക്ക് നീക്കിവെക്കുകയും അദ്ദേഹം പറയുകയും ചെയ്തു. വാശിപിടിച്ചപോലെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. അങ്ങനെ പറയരുതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കൈയിലും കാലിലും അമർത്തിയെന്നും സതീശൻ പറഞ്ഞു. ഇങ്ങനെ ഒരു തർക്കമാണുണ്ടായത്. ശബ്ദം മോശമായതുകൊണ്ടാണ് അന്ന് കൂടുതൽ സംസാരിക്കാതിരുന്നത്- സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.