സി.പി.എം വിലക്ക് ലംഘിച്ച് കെ.ഇ.എൻ ആർ.എം.പി പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ
text_fieldsമലപ്പുറം: സി.പി.എം വിലക്ക് ലംഘിച്ച് ഇടത് സഹയാത്രികൻ കെ.ഇ.എൻ കുഞ്ഞഹമ്മദ് ആർ.എം.പി പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. വ്യാഴാഴ്ച വൈകിട്ടാണ് മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് ഒലിപ്രംകടവിൽ ആദ്യകാല സി.പി.എം നേതാവും ഡോ. ആസാദിന്‍റെ പിതാവുമായ മാധവൻ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ കെ.ഇ.എൻ പങ്കെടുത്തത്.
ആർ.എം.പി നേതാക്കൾ മുഖ്യസംഘാടകരായ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കെ.ഇ.എൻ മറവിരോഗമായ അൽഷിമേഴ്സിനെക്കുറിച്ച് സംസാരിച്ചതും അതിനോടൊപ്പം നടത്തിയ പദപ്രയോഗങ്ങളും വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരുന്നു. മറവിരോഗമായ അൽഷിമേഴ്സിനെ കുറിച്ച് വാചാലനായ കെ.ഇ.എൻ ഓര്‍മകളുണ്ടായിരിക്കണമെന്നും ഒരു വ്യക്തിക്ക് മറവി രോഗം വന്നാൽ ഒപ്പമുള്ളവര്‍ക്ക് അദ്ദേഹത്തെ സംരക്ഷിക്കാനാവുമെന്നും എന്നാൽ, ഒരു സമൂഹത്തിനാകെ മറവിരോഗം വന്നാലുള്ള അവസ്ഥ എന്ത് ഭയാനകമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
മാധവൻ മാസ്റ്റര്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ദീര്‍ഘനാളത്തെ ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നതിനാലാണ് ചടങ്ങിൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ തനിക്ക് മേൽ സമ്മര്‍ദമുണ്ടായിരുന്നുവെന്നും കെ.ഇ.എൻ പിന്നീട് വ്യക്തമാക്കി.
കെ.ഇ.എന്നിനെ കൂടാതെ സി.പി.എം സഹയാത്രികനും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ ഡോ. അനിൽ ചേലമ്പ്രയും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ, അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കെ.ഇ.എന്നിനെ സി.പി.എം വിലക്കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റര്‍ പ്രതികരിച്ചു. മലപ്പുറം ജില്ലയിലാണ് പരിപാടി നടന്നത്. അവിടെ നിന്ന് നിര്‍ദേശം കൊടുത്തോ എന്നറിയില്ലെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു.
സി.പി.എമ്മിലെ നയംമാറ്റത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചയാളാണ് തേഞ്ഞിപ്പാലം മേഖലയിലെ ആദ്യകാല നേതാവായ മാധവൻ മാസ്റ്റര്‍. ഇതേതുടര്‍ന്നാണ് മാധവൻ മാസ്റ്ററെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത്. സി.പി.എമ്മിനെ പൊതുവേദികളിൽ വിമര്‍ശിക്കുന്നയാളാണ് മാധവൻ മാസ്റ്ററുടെ മകനായ ഇടത് ചിന്തകൻ ഡോ. ആസാദ് എന്നും മാസ്റ്ററുടെ മകളുടെ മകനാണ് ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ എന്നും ചൂണ്ടിക്കാട്ടിയാണ് പാർട്ടി കെ.ഇ.എന്നിനെ വിലക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.