കോൺഗ്രസിലെ 'തമ്മിലടി' തുടരുന്നു; ക്യാംപ് എക്സ്ക്യൂട്ടിവ് ബഹിഷ്കരിച്ച് സതീശൻ; പാർട്ടിയിൽ തർക്കങ്ങളുണ്ടെന്ന് സമ്മതിച്ച് സുധാകരൻ
text_fieldsതിരുവനന്തപുരം: ലോക്സഭ വിജയത്തിന് പിന്നാലെ പാർട്ടിയിലെ ഐക്യം ശക്തിപ്പെടുത്താനും തദ്ദേശതെരഞ്ഞെടുപ്പിന് ഒരുങ്ങാനും ലക്ഷ്യമിട്ട് തുടങ്ങിയ മിഷൻ 2025 കോൺഗ്രസിലെ ഉള്ള ഐക്യം തകർക്കുന്ന നിലയിലേക്കാണ് പോകുന്നത്. മിഷന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നടന്ന ക്യാംപ് എക്സിക്യൂട്ടിവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിട്ടുനിന്നു.
മിഷൻ 2025 ന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രതിപക്ഷനേതാവിനെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് ക്യാംപ് എക്സിക്യൂട്ടിവുകൾ ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കെ.പി.സി.സി ഭാരവാഹി യോഗത്തിലുണ്ടായ വലിയ വിമർശനങ്ങളെ തുടർന്ന് പ്രതിപക്ഷനേതാവ് ക്യാംപ് എക്സിക്യൂട്ടിവ് ബഹിഷ്കരിക്കുകയായിരുന്നു.
വയനാട്ടിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം. വയനാട് യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഡി.സി.സി പ്രസിഡന്റുമാർക്കു നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ വാട്സ് ആപ് ഗ്രൂപ്പിൽനിന്നും തങ്ങളെ മാറ്റി നിർത്തിയതായി ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികൾ പരാതി ഉന്നയിച്ചു. വിഷയം ചർച്ച ചെയ്യാനാണ് വ്യാഴാഴ്ച രാത്രി കെ.പി.സി.സി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഓൺലൈനായി കെ.പി.സി.സി ഭാരവാഹി യോഗം വിളിച്ചത്. എന്നാൽ യോഗത്തിൽ കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിടേണ്ടിവന്നത്.
വയനാട് ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് എ.ഐ.സി.സി വ്യക്തത വരുത്തിയശേഷം മാത്രം ഇനി ക്യാംപുകളിൽ പങ്കെടുക്കാമെന്നതാണ് വി.ഡി.സതീശന്റെ ഇപ്പോഴത്തെ നിലപാട്.
പാർട്ടിയിൽ തർക്കം നിലനിൽക്കുന്നു -കെ.സുധാകരൻ
പാർട്ടിയിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും സമ്മതിക്കുന്നുണ്ട്. കെ.പി.സി.സി യോഗത്തിൽ വിമർശനം ഉണ്ടായെന്നും അതാണ് പ്രതിപക്ഷ നേതാവ് വിട്ടുനിൽക്കാൻ ഇടയാക്കിയതെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു.
വയനാട് യോഗത്തിലെ തീരുമാനങ്ങളെ തുടർന്ന് തർക്കമുണ്ട്. ചില നേതാക്കൾ തിരുത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കൾക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്. തർക്കമുണ്ടായ ഇടങ്ങളിൽ ചുമതലകൾ മാറ്റിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
താൻ വിമർശനത്തിന് അതീതനല്ല - വി.ഡി സതീശൻ
കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം ഉണ്ടായാല്‍ അത് വാര്‍ത്തയാകേണ്ട കാര്യമില്ല. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കെ.പി.സി.സി യോഗം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ വിമര്‍ശനത്തിന് അതീതനായ ആളല്ല. ഇതിന് മുന്‍പുള്ള പ്രതിപക്ഷ നേതാക്കളെ ഞാനും വിമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ എന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് തെറ്റാകുന്നത് എങ്ങനെയാണ്? വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല.
വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും തിരുത്തും. ഇനി വിമര്‍ശിച്ചവര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ പറഞ്ഞത് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തും. യോഗത്തില്‍ പറഞ്ഞതും പറയാത്തതും പുറത്ത് വാര്‍ത്ത കൊടുത്തത് ആരാണെന്ന് പറഞ്ഞാല്‍ അവര്‍പാര്‍ട്ടിയുടെ ബന്ധുക്കളാണോ എന്ന് അന്വേഷിച്ചാല്‍ മാത്രം മതിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.