നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് നടത്താൻ ആലോചന
text_fieldsആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ നടത്താൻ ആലോചന.
ഓണാത്തിന് ശേഷം സെപ്റ്റംബർ 28 ന് നടത്താനാണ് നീക്കങ്ങൾ നടക്കുന്നത്. ഭൂരിപക്ഷം ക്ലബുകളും 28 എന്ന തിയതി അംഗീകരിച്ചിട്ടുണ്ട്. ഈ മാസം 24 വരെ മറ്റു പ്രദേശിക വള്ളംകളികളും നടക്കും. ഇതുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരുമെന്ന വിവരമാണ് ലഭിക്കുന്നത്.
ലക്ഷങ്ങൾ ചിലവഴിച്ച് തയാറെടുപ്പ് നടത്തിയ ബോട്ട് ക്ലബുകൾ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.
വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബുകൾക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ പറഞ്ഞിരുന്നു.
പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ പറയുമ്പോഴും അനിശ്ചിതത്വം നീണ്ടതോടെ പ്രതിപക്ഷത്ത് നിന്നുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടെ, വള്ളംകളിക്ക് സർക്കാർ സഹായം ലഭിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്ക് ശേഷം ബേപ്പൂർ ഫെസ്റ്റിന് സർക്കാർ തുക അനുവദിക്കുക ചെയ്തതോടെ വിഷയം കൂടുതൽ വിവാദമാകുകയായിരുന്നു.
എന്നാൽ, വള്ളംകളി നടത്താനാണ് സർക്കാർ തീരുമാനമെന്നും വള്ളംകളിക്കൊപ്പം സർക്കാർ ഉണ്ടെന്നും മന്ത്രി റിയാസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
"നെഹ്‌റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത് എന്ന് ആദ്യമെ സൂചിപ്പിക്കട്ടെ. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻ.ടി.ബി.ആർ) സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. ടൂറിസം വകുപ്പ് നെഹ്‌റ്രുട്രോഫി വള്ളംകളിക്ക് ധന സഹായം നൽകാറുണ്ട്. കഴിഞ്ഞ വർഷം ഒരു കോടി രൂപയാണ് അനുവദിച്ചത്. നെഹ്റു ട്രോഫി വള്ളംകളി എപ്പോൾ നടത്തുവാൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകും.
ഡിസംബർ മാസം നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പരിപാടിയല്ല. മലബാറിൻ്റെ മാത്രമല്ല,കേരളത്തിൻ്റെ ദീർഘകാലമായിട്ടുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഡിസംബർ മാസത്തിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ്. കടലും പുഴയും ഒന്നിക്കുന്ന ചാലിയാറിൻ്റെ അഴിമുഖത്ത് നടക്കുന്ന ഈ ജലമേള കാണാൻ അഭൂതപൂർവ്വമായ ജനസാമാന്യമാണ് ഒത്തു ചേരുന്നത്.
ചൂരൽമല ദുരന്തത്തിനു മുൻപ് തന്നെ, അതായത് ജൂലൈ മാസം എട്ടാം തീയ്യതി നടന്ന വർക്കിംഗ് ഗ്രൂപ്പിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുവാൻ ആവശ്യമായ തീരുമാനം കൈക്കൊണ്ടത്.
എല്ലാ വർഷവും ഇതു പോലെ നേരത്തെ തന്നെ വർക്കിങ്ങ് ഗ്രൂപ്പ് ഇത്തരം പരിപാടികളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ചില തീരുമാനങ്ങൾ കൈകൊള്ളാറുണ്ട്.
ചൂരൽമല ദുരന്തം കാരണം ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾവേണ്ടതില്ല എന്ന് നിലവിൽ തീരുമാനിച്ചിട്ടില്ല. സപ്തംബറിലെ ഓണാഘോഷ പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ജൂലൈ മാസം മുതൽ തയാറെടുപ്പ് നടത്തേണ്ട ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റി വയ്ക്കേണ്ടി വന്നു.
വള്ളം കളിയുടെ ജനകീയതയെ കുറിച്ചും നാടിൻ്റ് വികാരത്തെ കുറിച്ചും നല്ല ധാരണ ടൂറിസം വകുപ്പിനുണ്ട്. നെഹ്‌റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്ന ഘട്ടത്തിൽ,എല്ലാ നിലയിലുള്ള പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണ് എന്ന നിലപാട് വള്ളംകളി മത്സരങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വീണ്ടും അറിയിക്കുന്നു."- മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.