പർവേസ് മുശർറഫിനെ ചൊല്ലി ബാങ്ക് ജീവനക്കാർക്ക് കുറ്റപത്രം; 28ന് എ.ഐ.ബി.ഇ.എ പണിമുടക്ക്
text_fieldsതൃശൂർ: പാകിസ്താൻ മുൻ പ്രസിഡന്‍റും പട്ടാള മേധാവിയുമായ പർവേസ് മുശർറഫിനെച്ചൊല്ലി കേരളത്തിലെ 13 ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർക്ക് കുറ്റപത്രം! ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റാണ് കുറ്റപത്രം നൽകിയത്.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ (എ.ഐ.ബി.ഇ.എ) അഫിലിയേറ്റ് ചെയ്ത ഫെഡറേഷൻ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂനിയൻ കേരള ഘടകം കഴിഞ്ഞ 27ന് ആലപ്പുഴയിൽ നടത്തിയ ദ്വൈവാർഷിക സമ്മേളനത്തിന്റെ അനുശോചനപ്രമേയ കരടിലെ 2023ൽ അന്തരിച്ച അന്തർദേശീയ, ദേശീയ, പ്രാദേശിക പ്രാധാന്യമുള്ള പേരുകളിൽ പാകിസ്താൻ പ്രസിഡന്‍റിന്‍റെ പേര് ഉൾപ്പെട്ടതാണ് വിവാദമായത്. കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ നേരിട്ട് കുറ്റപത്രം ചുമത്തിയതിനെതിരെ കേരളത്തിലെ എല്ലാ ബാങ്കുകളിലെയും എ.ഐ.ബി.ഇ.എ ഘടകങ്ങൾ ഈമാസം 28ന് പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുകയാണ്.
അനുശോചനപ്രമേയമടക്കമുള്ള കരട് റിപ്പോർട്ട് ഭേദഗതികൾക്കായി ബ്രാഞ്ച് ഘടകങ്ങൾക്ക് അയച്ചുകൊടുക്കുന്ന പതിവ് സംഘടനക്കുണ്ട്. അതുപ്രകാരം പോയ റിപ്പോർട്ടിൽ പർവേസ് മുശർറഫിന്‍റെ പേരും ഉൾപ്പെട്ടത് മനസ്സിലാക്കിയ, ഒരു സംഘടനയിലും അംഗമല്ലാത്ത ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനാണ് വിഷയം ഉന്നതങ്ങളിലേക്ക് എത്തിച്ചതത്രെ. അദ്ദേഹം ഒരു വിമുക്തഭടനാണെന്നും പറയുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഇതിൽ ഇടപെടുകയും ആലപ്പുഴ ജില്ല കമ്മിറ്റി സമ്മേളനസ്ഥലത്തിനടുത്ത് പ്രതിഷേധിക്കുകയും ചെയ്തു. ബി.ജെ.പി ആഭിമുഖ്യമുള്ള രണ്ടു ബാങ്ക് സംഘടനകൾ കേന്ദ്ര ധനകാര്യ മന്ത്രാലയ തലത്തിലേക്ക് ഇക്കാര്യം എത്തിച്ചു.
ഒരു വാർത്താചാനലും രണ്ട് ഓൺലൈൻ സ്ഥാപനങ്ങളും വിഷയം ആളിക്കത്തിച്ച് റിപ്പോർട്ട് തയാറാക്കി. കാർഗിൽ യുദ്ധത്തിന് കാരണക്കാരനായ മുശർറഫിനെ മഹാനാക്കിയെന്ന വിധത്തിലാണ് വിവാദം ചൂടുപിടിപ്പിച്ചത്.അന്തിമ പ്രമേയത്തിൽ മുശർറഫിന്‍റെ പേര് ഉണ്ടായില്ലെങ്കിലും വിഷയം അതിനകം ചൂടായി. കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സംഘടനാ ഭാരവാഹികളായ 13 പേർക്ക് നേരിട്ട് കുറ്റപത്രം നൽകിയതത്രെ. കുറ്റപത്രം ലഭിച്ചവരിൽ മൂന്നു പേർ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവരാണെന്നതാണ് വിരോധാഭാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.