വഴിത്തർക്കം: ദലിത് യുവാവിനെ ആക്രമിച്ച കേസിൽ തടവും പിഴയും
text_fieldsമണ്ണാര്‍ക്കാട്: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് പട്ടികജാതിയില്‍പ്പെട്ട ആളെ വടിയുപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 60,000 പിഴയും കോടതി വിധിച്ചു.
മീനാക്ഷിപുരം വിളയോടി നല്ലമാടന്‍ചള്ള സ്വദേശി മണികണ്ഠനെയാണ് (48) മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്. 2020 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം.
വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ വിളയോടി നല്ലമാടന്‍ചള്ള ചാമുവിന്റെ മകന് മണികണ്ഠനെ മര്‍ദിച്ചെന്നാണ് കേസ്. അടിയേറ്റ് ഇയാളുടെ കൈയിന്റെ എല്ലിന് പൊട്ടലേറ്റിരുന്നു. തടയാന്‍ചെന്ന വീട്ടുകാരേയും മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 326 പ്രകാരം അഞ്ചുവര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ഒരു വര്‍ഷത്തെ അധിക കഠിനതടവും വകുപ്പ് 324 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം മൂന്ന് മാസത്തെ അധിക കഠിനതടവിനുമാണ് കോടതി ശിക്ഷിച്ചത്. പിഴ തുകയില്‍ നിന്ന് 50,000 രൂപ മര്‍ദനമേറ്റവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി.
മീനാക്ഷിപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട് ഡിവൈ.എസ്.പി.മാരായിരുന്ന ആര്. മനോജ്കുമാര്‍, പി. ശശികുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ എം. പ്രഭ അന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.