കോൺഗ്രസിലെ തർക്കം; വണ്ടൂർ മണ്ഡലം കേന്ദ്രീകരിക്കാൻ എ ഗ്രൂപ് നീക്കം
text_fieldsമലപ്പുറം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പട്ടിക പുറത്തുവന്നതോടെ ജില്ലയിൽ രൂക്ഷമായ ഗ്രൂപ് തർക്കം പുതിയ തലത്തിലേക്ക്. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായ വണ്ടൂർ കേന്ദ്രീകരിച്ച് ഗ്രൂപ് പ്രവർത്തനം ശക്തിപ്പെടുത്താനും പാർട്ടിയെ പ്രതിരോധത്തിലാക്കാനുമാണ് എ ഗ്രൂപ്പിന്റെ പുതിയ നീക്കം. വണ്ടൂരിൽ നിയോജകമണ്ഡലംതലത്തിൽ എ വിഭാഗത്തിന്റെ നേതൃയോഗം ചൊവ്വാഴ്ച നടന്നു. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ യോഗം ചേർന്ന് സമ്മർദം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് എ ഗ്രൂപ്. എ.പി. അനിൽകുമാറിനെ ലക്ഷ്യംവെച്ചാണ് നീക്കം. തുടർച്ചയായി വണ്ടൂരിൽനിന്ന് മത്സരിച്ച് ജയിക്കുന്ന അനിൽകുമാറിന് പകരം സ്ഥാനാർഥികൾ വേണമെന്ന ചർച്ച ഉയർത്തിക്കൊണ്ടുവരലാണ് തന്ത്രങ്ങളിലൊന്ന്. 25 വർഷത്തോളമായി അനിൽകുമാറാണ് വണ്ടൂരിൽ മത്സരിക്കുന്നത്. സീറ്റ് അടുത്ത തലമുറക്ക് കൈമാറണം എന്ന ചർച്ചയാണ് ഉയരുക. കഴിഞ്ഞ തവണ അനിൽകുമാറിന്റെ ഭൂരിപക്ഷം കുറഞ്ഞതും എ ഗ്രൂപ് ഉയർത്തിക്കാട്ടും. ആരു മത്സരിച്ചാലും വണ്ടൂരിൽ യു.ഡി.എഫിന് ജയിക്കാനാവുമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യ ലീഗും ആൻറണി കോൺഗ്രസും ഒരുമിച്ച് ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച കാലത്തും കോൺഗ്രസിലെ എം.എ. കുട്ടപ്പൻ ജയിച്ച മണ്ഡലമാണിത്. അതേസമയം, 1996ൽ കോൺഗ്രസ് സ്ഥാനാർഥി പന്തളം സുധാകരൻ ഇവിടെ തോറ്റിട്ടുമുണ്ട്. 96 ആവർത്തിക്കുമെന്ന ഭീഷണിയാണ് എ ഗ്രൂപ് മുന്നോട്ട് വെക്കുന്നത്.
ഇതല്ലാതെ മണ്ഡലം പ്രസിഡന്റ് പട്ടികയിൽ തങ്ങൾക്ക് നേരിട്ട അനീതി പരിഹരിക്കാൻ മറ്റുമാർഗങ്ങളില്ലെന്നാണ് എ ഗ്രൂപ് വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം എ ഗ്രൂപിലെ ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ 45 നേതാക്കളാണ് കണ്ണൂരിൽ പോയി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കണ്ട് പരാതി പറഞ്ഞത്. മലപ്പുറത്തെ പ്രശ്നം പഠിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി സംഘടന ചുമതലയുള്ള അഡ്വ. കെ. ജയന്ത്, മലപ്പുറത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി.എ. സലീം എന്നിവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സുധാകരൻ. പക്ഷെ ഇവരുടെ റിപ്പോർട്ടിൽ വലിയ പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ് വിലയിരുത്തുന്നത്. കേരളത്തിൽ രൂപപ്പെട്ട കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ ആളാവാൻ നേതാക്കൾ മത്സരിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.