മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്; കേരളം അത്ര ദരിദ്രമല്ലെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിന്. ബ്രിട്ടന്, നോർവേ, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടത്തെ സര്‍ക്കാറിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കു പുറമെ, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.
ബ്രിട്ടൻ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും വ്യവസായമന്ത്രി പി. രാജീവും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. നിക്ഷേപം ആകർഷിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഒക്ടോബര്‍ ആദ്യമാണ് മുഖ്യമന്ത്രിയും സംഘവും രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. യാത്രക്കുള്ള അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതിന് മുമ്പ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്ര നടത്തും. ടൂറിസം മേളയിൽ പങ്കെടുക്കാനാണ് റിയാസും സംഘവും പാരിസിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 19നു നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലാകും അവർ പങ്കെടുക്കുക. മന്ത്രി വി.എൻ വാസവൻ ബഹ്റൈനിലേക്കും പോകുന്നുണ്ട്.
വിദേശയാത്ര സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെങ്കിലും മന്ത്രിമാർ വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു.
വന്‍തുക ചെലവില്ലാതെയാണ് യാത്ര. മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യും. കേരളീയർ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. 1500കള്‍ മുതല്‍ കേരളത്തിന് പ്രവാസ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ യാത്ര വേണ്ടെന്ന് വെക്കാൻ പറ്റില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു.
എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചോദിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന സർക്കാറും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.