നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: സി.പി.എം നേതാവിന്റെ ഭീഷണി സന്ദേശം പുറത്ത്
text_fieldsകട്ടപ്പന: നിക്ഷേപം തിരിച്ചു കിട്ടാതെ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ സി.പി.എം മുൻ ഏരിയ സെക്രട്ടറി വി.ആർ സജി ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. ഈ മാസത്തെ പൈസ പകുതി തന്നിട്ടും ഉപദ്രവിക്കേണ്ട കാര്യമെന്താണെന്ന് ചോദിച്ചുകൊണ്ടാണ് സജിയുടെ സംഭാഷണം തുടങ്ങുന്നത്. നിങ്ങൾക്ക് അടി കിട്ടേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കി തരാം. തരാനുള്ള പൈസ തരാനായി ആ പിള്ളേർ കൈയും കാലുമിട്ട് എല്ലാകാര്യവും ചെയ്തുകൊണ്ടിരിക്കുകയാണെന്നും സജി സാബുവിനോട് ശബ്ദ സന്ദേശത്തിൽ പറയുന്നു.
പള്ളിക്കവലയിൽ താമസിക്കുന്ന സാബുവാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് സാബു സംഭാഷണം തുടങ്ങുന്നത്. ഭാര്യയുടെ ചികിത്സക്ക് വേണ്ടി 2,20,000 രൂപ ആവശ്യമുണ്ടെന്നും അക്കാര്യം പറഞ്ഞ് സൊസൈറ്റി ഓഫിസിൽ എത്തിയ തന്നെ ജീവനക്കാർ ചേർന്ന് പിടിച്ചു തള്ളി ഇറക്കി വിട്ടെന്നും സാബു സജിയോട് പരാതിയായി പറയുന്നുണ്ട്. ഞാൻ അവരെ ഉപദ്രവിച്ചിട്ടില്ല. അവർ എന്നെയാണ് ഉപദ്രവിച്ചതെന്നും എന്നെ വേണോ കൊന്നോ ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലെന്നും സാബു പറയുന്നു. സംഭാഷണം പ്രചരിച്ചതോടെ മരണവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുകയാണ്.
മരണക്കുറിപ്പ് സാബുവിന്റേത്; പറഞ്ഞതെല്ലാം സത്യം -മേരിക്കുട്ടി
കട്ടപ്പന: മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മരണക്കുറിപ്പ് സാബുവിന്റേതാണെന്നും അതിൽ പറഞ്ഞിട്ടുള്ളത് എല്ലാം സത്യമാണെന്നും ഭാര്യ മേരിക്കുട്ടി. കൈയക്ഷരം സാബുവിന്റേതാണ് അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്. സാബുവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നും തനിക്കും കുടുംബത്തിനും നീതി കിട്ടണമെന്നും മേരിക്കുട്ടി ആവശ്യപ്പെട്ടു.
സാബുവിനെ ഭീഷണിപ്പെടുത്തിയ റൂറൽ ഡെവലപ്മെന്റ് കോഓപ്പറേറ്റിവ് സൊസൈറ്റി ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുക്കണം. സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്ന തുകയിൽ 14.5 ലക്ഷം രൂപയും നാളിതുവരെയുള്ള പലിശയും ലഭിക്കാനുണ്ട്. ഇതു ചോദിച്ചു ചെന്ന സാബുവിനെ സൊസൈറ്റി സെക്രട്ടറിയും ജീവനക്കാരും ചേർന്ന് അപമാനിക്കുകയും ബലമായി പിടിച്ചു പുറത്താക്കുകയുമായിരുന്നു. ഇതിന്റെ മനോ വിഷമത്തിലാണ് സാബു ജീവനൊടുക്കിയത്. ഒന്നര വർഷമായി തങ്ങൾ ഈ പണത്തിന് സൊസൈറ്റി ഓഫിസ് കയറിയിറങ്ങുകയാണ്. ഇന്ന് തരാം, നാളെ തരാം എന്നൊക്കെ പറഞ്ഞു ഓരോ പ്രാവശ്യവും മടക്കി വിടാറാണ് പതിവ്. ബോർഡ് മീറ്റിംഗ് കഴിഞ്ഞു ഒരു ലക്ഷം തരാമെന്ന് പറയും. ചെന്നു കഴിയുമ്പോൾ തരാതെ തിരിച്ചയക്കും.
താൻ വീട്ടിലുണ്ടായിരുന്നെങ്കിൽ സാബു മരിക്കില്ലായിരുന്നു. വലിയ കുരുക്കിലാണ് ചെന്ന് പെട്ടതെന്നും അവർ എന്തും ചെയ്യാൻ മടിക്കില്ലെന്നും സാബു പറഞ്ഞതായി മേരിക്കുട്ടി വെളിപ്പെടുത്തി. ജീവനക്കാർ അപമാനിച്ചതും സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതും സാബുവിനെ വലിയ വിഷമത്തിലാക്കിയിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ഭാര്യയുടെ മൊഴിയെടുത്തു; അന്വേഷണം തുടങ്ങി
കട്ടപ്പന: കട്ടപ്പനയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി കട്ടപ്പന എസ്.എച്ച്.ഒ.ടി.സി. മുരുകൻ പറഞ്ഞു. ആവശ്യമെങ്കിൽ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും മൊഴികൾ എടുക്കും. കേസ് വിശദമായി അന്വേഷിക്കുമെന്നും ജീവനക്കാരെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് കട്ടപ്പന പള്ളിക്കവലയിൽ വേറൈറ്റി ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിൽ സാബുവിനെ (56) സി.പി.എം ഭരിക്കുന്ന കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരാണ് തന്റെ ആത്മഹത്യക്ക് പിന്നിലെന്ന് എഴുതിയ സാബുവിന്റെ ആത്മഹത്യ കുറിപ്പും സമീപത്തു നിന്നും ലഭിച്ചിരുന്നു. കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് വ്യാഴാഴ്ച സാബു സ്ഥാപനത്തിൽ എത്തിയിരുന്നു. എന്നാൽ നിഷേപിച്ച പണം തിരികെ നൽകാൻ സെക്രട്ടറി തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിൽ മനം നൊന്താണ് ജീവനാടുക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
കുടുംബത്തിനൊപ്പം -സി.പി.എം
കട്ടപ്പന: ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയെന്ന് സി.പി.എം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോർജ്. ഇക്കാര്യത്തിലെ രാഷ്ട്രീയ മുതലെടുപ്പ് വകവെക്കുന്നില്ല. സാബുവിന്റെ കുടുംബത്തിന് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ധാരണയുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി നൽകികൊണ്ടിരിക്കുകയായിരുന്നു. ബാക്കി പണവും നൽകും. സാബുവിന് ബാങ്ക് നൽകാൻ ഉള്ളത് 12 ലക്ഷം രൂപയാണ്. കോൺഗ്രസ് ഭരണകാലത്ത് സൊസൈറ്റി 20 കോടി വായ്പ നൽകി. ആ പണം തിരികെ വരാത്തതാണ് ബാങ്കിലെ പ്രതിസന്ധിക്ക് കാരണം. സാബു സൊസൈറ്റിയിൽ പണം ചോദിച്ച് എത്തി തർക്കം ഉണ്ടാക്കി. വി.അർ.സജി ഭരണസമിതി അംഗം എന്ന നിലയിലാണ് സാബുവിനോട് സംസാരിച്ചത്. പൊലീസ് അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. ഫോൺ സന്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനില്ലെന്നും മാത്യു ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.