പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടിയെന്ന കണക്കിൽ വിവാദം; മൊത്തം എണ്ണത്തിൽ കുറവുണ്ടായിട്ടും കൂടിയെന്ന് പ്രചാരണം
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ വന്നശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാല് വർഷത്തിനിടെ 6.8 ലക്ഷം വിദ്യാർഥികൾ പുതുതായി ചേർന്നെന്ന കണക്കിൽ വിവാദം.
യു.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെയുള്ള അവസാനത്തെ അധ്യയനവർഷമായ 2015 -16 നെ അപേക്ഷിച്ച് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2019 -20 വർഷത്തിൽ 46,694 വിദ്യാർഥികൾ കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2015 -16 വർഷത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ആകെയുണ്ടായിരുന്നത് 33,67,732 കുട്ടികളാണ്. എന്നാൽ, സർക്കാർ അവസാനമായി കുട്ടികളുടെ എണ്ണമെടുത്ത 2019 -20 വർഷത്തെ കണക്കുപ്രകാരം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ആകെയുള്ളത് 33,27,038 കുട്ടികൾ.
അതായത് 2015-16 അധ്യയനവർഷത്തെ അപേക്ഷിച്ച് 46,694 കുട്ടികൾ കുറവ്. എന്നാൽ, ചില ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന മാത്രം ഉയർത്തിക്കാട്ടുകയും മൊത്തം കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് മൂടിവെക്കുകയും ചെയ്താണ് സർക്കാർ ലക്ഷക്കണക്കിന് കുട്ടികൾ വർധിച്ചെന്ന കണക്ക് നിരത്തുന്നതെന്നാണ് ആക്ഷേപം.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നത് 2016 മേയിലാണ്. ഇതിനുശേഷം വന്ന ആദ്യ അധ്യയനവർഷമായ 2016 -17ൽ തൊട്ടുമുമ്പത്തെ വർഷത്തെ (2015-16) അപേക്ഷിച്ച് കുട്ടികൾ കുറഞ്ഞു. 2016-17ൽ 32,83,238 കുട്ടികളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലുണ്ടായിരുന്നത്. ഇതാകെട്ട തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 84,494 എണ്ണം കുറവാണ്.
2017 -18ൽ ആകെ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 32,67,506 ആയി. ഇത് തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് (2016 -17) 15,732 കുറവായിരുന്നു. എന്നാൽ, 2018 -19ലും 2019 -20ലും ആകെ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. 2018-19ൽ ആകെ കുട്ടികളുടെ എണ്ണം 32,99,855 ആയി.
ഇത് തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് (2017-18) 32,349 എണ്ണത്തിെൻറ വർധനയായിരുന്നു. 2019 -20ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ ആകെ എണ്ണം 33,27,038 ആയി വർധിച്ചു. ഇത് തൊട്ടുമുൻവർഷത്തെ (2018-19) അപേക്ഷിച്ച് 27,183 എണ്ണത്തിെൻറ വർധനയാണ്. 2020 -21ൽ കോവിഡ് കാരണം സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികളുടെ കണക്ക് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്നാൽ, ഇൗ വർഷം മാത്രം 1.75 ലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയെന്നാണ് സർക്കാർ വാർത്താക്കുറിപ്പിറക്കിയത്. എന്നാൽ, ക്ലാസ് തിരിച്ചുള്ള വിശദകണക്ക് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല.
കുട്ടികൾ വർധിച്ചെന്ന കണക്ക് പെരുപ്പിച്ചതാണെന്നും സർക്കാർ നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്നും സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.
സർക്കാർ നിരത്തുന്നത് വിചിത്ര കണക്ക്
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ വന്നശേഷം പൊതുവിദ്യാലയങ്ങളിലെത്തിയ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന വാദത്തിന് സർക്കാർ നിരത്തുന്നത് വിചിത്ര കണക്ക്. കുട്ടികളുടെ എണ്ണം തൊട്ടുമുമ്പത്തെ വർഷത്തെ എണ്ണവുമായി താരതമ്യം ചെയ്തുള്ള കണക്കല്ല സർക്കാർ നിരത്തുന്നത്.
പകരം ഒാരോ ക്ലാസിലും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവുമായി അടുത്ത വർഷത്തെ തൊട്ടുയർന്ന ക്ലാസിലെത്തിയ കുട്ടികളും തമ്മിലുള്ള വ്യത്യാസമാണ് വർധനയായി സർക്കാർ ഉയർത്തിക്കാണിക്കുന്നത്. 2016 -17ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലെത്തിയത് 249533 കുട്ടികളാണ്.
ഇതേ വിദ്യാർഥികൾ അടുത്തവർഷം രണ്ടാം ക്ലാസിൽ എത്തുേമ്പാഴുണ്ടാകുന്ന എണ്ണത്തിലെ മാറ്റമാണ് സർക്കാറിെൻറ കണക്കിന് ആധാരം. 2017 -18ൽ രണ്ടാം ക്ലാസിൽ എത്തിയത് 259636 വിദ്യാർഥികളാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി മുൻവർഷത്തെ (2016 -17) അപേക്ഷിച്ച് 10103 കുട്ടികൾ രണ്ടാം ക്ലാസിൽ പുതുതായി എത്തിയെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന കണക്ക്.
2016 -17ൽ നാലാം ക്ലാസിൽ 275480 കുട്ടികളുണ്ടായിരുന്നത് തൊട്ടടുത്ത വർഷം (2017-18) അഞ്ചാം ക്ലാസിൽ 315865 കുട്ടികളായി ഉയർന്നു. അഞ്ചാം ക്ലാസിൽ പുതുതായി എത്തിയത് 40385 കുട്ടികൾ എന്ന കണക്കും സർക്കാർ നിരത്തുന്നു. രണ്ട് അധ്യയനവർഷങ്ങളിലും അഞ്ചാം ക്ലാസിലെത്തിയ കുട്ടികളുടെ എണ്ണത്തിലെ വ്യത്യാസമല്ല സർക്കാർ പരിശോധിച്ചതെന്ന് ചുരുക്കം.
ഇങ്ങനെ 2017 -18 മുതൽ 2020 -21 വരെ 6.8 ലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയെന്നാണ് സർക്കാറിെൻറ പ്രധാന പ്രചാരണം. എന്നാൽ, 2014 -15ൽ ഒന്നാം ക്ലാസിൽ 2,54,643 കുട്ടികളും 2015 -16ൽ രണ്ടാം ക്ലാസിൽ 2,60,006 കുട്ടികൾ രണ്ടാം ക്ലാസിലുമെത്തി. പുതുതായി രണ്ടിലെത്തിയത് 5363 പേർ. ഇതേവർഷം നാലാം ക്ലാസിൽ 282722 കുട്ടികളും അടുത്തവർഷം 321092 കുട്ടികൾ അഞ്ചാം ക്ലാസിലുമെത്തി. അഞ്ചാം ക്ലാസിൽ പുതുതായി എത്തിയത് 38370 കുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.