അപേക്ഷ സമർപ്പണം തീരുംമുമ്പ് ഇൻറർവ്യൂ അറിയിപ്പ്: കേരളയിൽ റിസർച്ച് ഓഫിസർ നിയമനത്തിന് 'മിന്നൽ' വേഗം
text_fieldsതിരുവനന്തപുരം: അപേക്ഷ സമർപ്പണം പൂർത്തിയാകും മുമ്പ് ഇൻറർവ്യൂ നിശ്ചയിച്ച് കേരള സർവകലാശാല ഉദ്യോഗാർഥികൾക്ക് ഫോണിലൂടെ അറിയിപ്പ് നൽകിയത് വിവാദത്തിൽ.
സർവകലാശാലയുടെ കീഴിലുള്ള പോപ്പുലേഷൻ റിസർച് സെൻററിൽ അസിസ്റ്റൻറ് പ്രഫസർക്ക് തത്തുല്യ യോഗ്യതകളും ശമ്പളവുമുള്ള റിസർച്ച് ഓഫിസർ തസ്തികയിലേക്കാണ് മിന്നൽ വേഗത്തിൽ ഇൻറർവ്യൂ നടത്തുന്നത്. കണ്ണൂർ സർവകലാശാലയിൽ സി.പി.എം യുവജന നേതാവിന്‍റെ ഭാര്യക്ക് അസോസിയേറ്റ് പ്രഫസറായി നിയമനം നൽകാൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ അടുത്തദിവസം തന്നെ ഇൻറർവ്യൂവിനുള്ള അറിയിപ്പ് അയച്ചത് വിവാദമായിരുന്നു.
ഇത് കെട്ടടങ്ങും മുമ്പാണ് കേരളയിലും അതിവേഗ ഇൻറർവ്യൂ. റിസർച്ച് ഓഫിസർ തസ്തികക്ക് ഫെബ്രുവരി 19നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡെമോഗ്രഫിയിലോ പോപ്പുലേഷൻ സ്റ്റഡീസിലോ ഉള്ള ബിരുദാനന്തരബിരുദവും നെറ്റുമാണ് കുറഞ്ഞ യോഗ്യത. തിങ്കളാഴ്ച അഞ്ചുവരെയാണ് അപേക്ഷ സ്വീകരിക്കുന്നതെങ്കിലും തിങ്കളാഴ്ച രാവിലെതന്നെ അപേക്ഷകൾ പരിശോധിച്ച് ഫോണിലൂടെ ബുധനാഴ്ച ഇൻറർവ്യൂവിൽ പങ്കെടുക്കാൻ അപേക്ഷകരോട് ആവശ്യപ്പെടുകയായിരുന്നു. പിഎച്ച്.ഡി ബിരുദധാരികൾ ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മുപ്പതോളം പേരാണ് അപേക്ഷകരായുള്ളത്. നിയമനം സ്ഥിരമാകുമെന്നതിനാൽ വി.സി ചെയർമാനായ ചട്ടപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഇൻറർവ്യൂ നടത്തുന്നത്. സി.പി.എമ്മിന് സ്വാധീനമുള്ള ഒരാളെ മുന്നിൽകണ്ടാണ് നിയമനം തിരക്കിട്ട് നടത്തുന്നതെന്ന് ഉദ്യോഗാർഥികൾക്കിടയിൽ ആക്ഷേപമുണ്ട്.
ഇൻറർവ്യൂവിന് 10 ദിവസം മുമ്പെങ്കിലും ഉദ്യോഗാർഥികൾക്ക് അറിയിപ്പ് ലഭിച്ചിരിക്കണമെന്നതാണ് സർവകലാശാല ചട്ടവും കീഴ്‌വഴക്കവും. ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് നിർദേശപ്രകാരം മിനിമം യോഗ്യതകളിലും വയസ്സിലും ഇളവ് വരുത്തി ചില അപേക്ഷകരെ പങ്കെടുപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.