കെ-റെയിൽ വരുന്നത്, തൽപരകക്ഷികൾ മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ...
text_fieldsകോട്ടയം: കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് കെ-റെയിൽ സ്ഥാപിക്കുന്നത് തൽപരകക്ഷികൾ മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ. അർധ അതിവേഗ റെയിലിന്റെ പ്രാഥമികലക്ഷ്യംതന്നെ കാസർകോടുനിന്ന് ഏറ്റവും വേഗം തിരുവനന്തപുരത്ത് എത്തുകയെന്നതാണ്. ഇതിന് ഏറ്റവും ദൂരക്കുറവുള്ള റൂട്ട് കണ്ടെത്തുന്നതിനുപകരമാണ് മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ പാത സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതുമൂലം പാരിസ്ഥിതികാഘാതവും കുടിയൊഴിപ്പിക്കലും കുറവുള്ള മാർഗം തെരഞ്ഞെടുക്കാൻപോലും പഠനം നടത്തിയവർക്ക് അവസരമില്ലാതായി. സിൽവർ ലൈനിനുവേണ്ടി രണ്ട് സാധ്യതപഠന റിപ്പോർട്ടും വിശദ പദ്ധതിരേഖയും തയാറാക്കിയ ഫ്രഞ്ച് കമ്പനി സിസ്ട്രയുടെ റിപ്പോർട്ടുകളിലാണ് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട് സ്ഥലങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചതായി വിശദീകരിച്ചിരിക്കുന്നത്.
ആകെയുള്ള 11 സ്റ്റേഷനിൽ തിരുവനന്തപുരം (കൊച്ചുവേളി), തൃശൂർ, തിരൂർ, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ നിലവിലെ സ്റ്റേഷനുകൾക്ക് അടുത്തുതന്നെയാണ് സിൽവർ ലൈൻ സ്റ്റേഷനുകൾ വരുന്നത്. സിൽവർ ലൈൻ ഉപയോഗിക്കുന്നവർക്ക് തുടർയാത്രകൾക്ക് ഗുണകരമാകുന്നതാണ് ഈ നിർദേശം. എന്നാൽ, കൊല്ലത്തെ സിൽവർ ലൈൻ സ്റ്റേഷൻ നിലവിലെ സ്റ്റേഷനിൽനിന്ന് 6.7 കി.മീ. അകലെയാണ്. ചെങ്ങന്നൂരിൽ അത് 4.5 കി.മീ. അകലെയും കോട്ടയത്ത് 4.8 കി.മീ. അകലെയും എറണാകുളത്ത് 10.3 കി.മീ. അകലെയുമാണ്.
നിലവിലെ റെയിൽപാതകളിൽ വളവുകൾ കൂടുതലുള്ളതിനാൽ വേഗമേറിയ ട്രെയിനുകൾ ഓടിക്കാനാവില്ലെന്ന് പറയുന്ന കെ-റെയിൽ വിദഗ്ധർ അർധ അതിവേഗ റെയിൽപാളങ്ങൾ തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ നേർരേഖയിൽ പോയാലെ ആവശ്യമായ വേഗം കൈവരിക്കാനാവൂ എന്ന് സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അലൈൻമെന്റ് നിശ്ചയിക്കുന്നതിൽ സിസ്ട്ര കമ്പനിക്കുമേൽ റിയൽ എസ്റ്റേറ്റ് ലോബിയുടെ സമ്മർദം ഉണ്ടായിരുന്നെന്ന സംശയം ഉയർത്തുന്നതാണ് 'ഒബ്ലിഗേറ്ററി പോയൻറുകൾ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ.
ഇവ ഉൾപ്പെടുത്തുമ്പോഴാണ് കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, കീഴാറ്റിങ്ങൽ, കട്ടുവാപള്ളി, കല്ലമ്പലം, ചാത്തന്നൂർ, കൊല്ലം ബൈപാസ്, കുണ്ടറ, മുളവന, പോരുവഴി, നൂറനാട്, മുളക്കുഴ (ചെങ്ങന്നൂർ), ഇരവിപേരൂർ, വാകത്താനം, ഇരവിനെല്ലൂർ, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, പെരുവ, തിരുവാങ്കുളം, കാക്കനാട്, പഴങ്ങനാട്, പുക്കാട്ടുപടി, നെടുവന്നൂർ, നെടുമ്പാശ്ശേരി, അങ്കമാലി, കാടുകുറ്റി, കുഴിക്കാട്ടുശ്ശേരി, കട്ടപ്പശ്ശേരി, ചേർപ്പ്, തൃശൂർ, പൂങ്കുന്നം, കുന്നംകുളം, എടപ്പാൾ, തിരുനാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, കണ്ണൂർ, എന്നിവിടങ്ങളിലൂടെ കെ-റെയിൽ കടന്നുപോകുന്നത്.
നിലവിൽ കേരളത്തിലെ റെയിൽവേ ലൈനിന്റെ ദൂരം 1257 കി.മീറ്ററാണ് (ട്രാക്ക് ദൂരം 1588 കി.മീ). 200 റെയിൽവേ സ്റ്റേഷനും ഉണ്ട്. അതായത്, ഏഴ് കി.മീ. ദൂരത്തിൽ കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. സിൽവർ ലൈനിന് ഏറ്റെടുക്കുന്ന ഭൂമിയിൽ തിരുവനന്തപുരം റൂറൽ മുതൽ തിരൂർവരെ പുതിയ പാതയാണ്. ആ പാതയിലൂടെ അതിവേഗ ട്രെയിനുകൾക്കുപുറമെ സാധാരണ ട്രെയിനുകൾ ഓടിക്കുകയും പ്രധാന സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്താലേ പദ്ധതി ജനോപകാരപ്രദമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.