മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥി സംഘടന ഓഫിസ് ഒഴിപ്പിച്ചതിൽ വിവാദം
text_fieldsകൊച്ചി: മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനാ ഓഫിസ് ഒഴിപ്പിച്ചതിനെച്ചൊല്ലി വിവാദം മുറുകുന്നു. പൂർവ വിദ്യാർഥി സംഘടനയായ മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് യൂനിയൻ ഓഫിസാണ് കോളജ് അധികൃതർ ഒഴിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിരുന്ന കോളജിനകത്തെ ക്ലാസ് മുറിയാണ് കഴിഞ്ഞ ഒക്ടോബർ ഏഴിന് ഒഴിപ്പിച്ചത്. എന്നാൽ, ക്ലാസ് എടുക്കുന്നതിനുവേണ്ടിയാണ് ക്ലാസ് മുറി ഒഴിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൂർവ വിദ്യാർഥി സംഘടന മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, കോളജ് അധികൃതരുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ രംഗത്തുവന്നു. കോളജിലെ പൂർവ വിദ്യാർഥികളും അധ്യാപകരും സാഹിത്യകാരന്മാരുമൊെക്കയായ എൻ.എസ്. മാധവൻ, ഡോ. എം. ലീലാവതി, പ്രഫ. കെ. അരവിന്ദാക്ഷൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പായിപ്ര രാധാകൃഷ്ണൻ അടക്കമുള്ളവർ നടപടിയെ വിമർശിച്ചു. പ്രഫ. എം.കെ. സാനു കോളജ് തീരുമാനത്തെ പിന്തുണച്ചു. 1925ലാണ് മഹാരാജാസ് കോളജിൽ ആദ്യമായി ബോയ്സ് അസോസിയേഷൻ എന്ന പേരിൽ പൂർവ വിദ്യാർഥി സംഘടന രൂപവത്കരിച്ചത്. 1971ലാണ് സൊസൈറ്റീസ് ആക്ട് പ്രകാരം ഇപ്പോഴത്തെ പൂർവ വിദ്യാർഥി സംഘടനയുടെ തുടക്കം.
മൂന്ന് പതിറ്റാണ്ട് മുമ്പ് ജസ്റ്റിസ് കെ. സുകുമാരൻ പ്രസിഡന്റായിരിക്കെയാണ് സംഘടനക്ക് അന്നത്തെ പ്രിൻസിപ്പൽ പ്രഫ. കെ. ഭാരതി കോളജിനകത്ത് റൂം അനുവദിച്ചത്. കോളജ് വികസനത്തിൽ പല നിർണായക നടപടികൾക്കും ചുക്കാൻ പിടിച്ചതാണ് ഈ ഓഫിസ്. അതിനിടെ, മഹാരാജാസ് സ്റ്റേഡിയം കോംപ്ലക്സിലെ മുറികളുടെ വാടക പിരിവ് വർഷങ്ങളായി കുടിശ്ശികയായ സംഭവത്തിലും കോളജ് ഓഡിറ്റോറിയം തുറന്നു നൽകാത്തതിലും അസോസിയേഷൻ നടത്തിയ ഇടപെടലാണ് നടപടിക്ക് പിന്നിലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
കോംപ്ലക്സിലെ മുറികളിലെ വാടകയും ഓഡിറ്റോറിയം പ്രവർത്തനസജ്ജമാക്കിയാൽ അതിൽനിന്ന് ലഭിക്കുന്ന വാടകയും കോളജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് സംഘടനയുടെ വാദം. ഭരണാനുകൂല അധ്യാപക സംഘടനയുടെ അപ്രീതിയും നടപടിക്ക് പിന്നിലുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.