മുല്ലപ്പെരിയാർ ജലനിരപ്പ്: ഉരുണ്ടുകളിച്ച് റോഷി
text_fieldsതിരുവനന്തപുരം: കേരളം വാദിച്ചതുപോലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ കൂടാൻ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ. എന്നാൽ, കേരളത്തിന്റെ നിലപാട് 136 അടിയാണെന്ന് ഉടൻ തിരുത്തി പ്രതിപക്ഷത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർക്കാർ നിലപാടാണ് 142 എന്ന് താൻ പറഞ്ഞതിന് അർഥമില്ലെന്ന് ഉരുണ്ടുകളിച്ച് റോഷി അഗസ്റ്റിൻ. ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു റോഷിയുടെ ഉരുണ്ടുകളി.
''കേരളം പറഞ്ഞിരിക്കുന്ന വാദഗതികൾ ശരിയാണെന്നുള്ള നിലയിലല്ലേ കോടതിയിൽ വന്നിരിക്കുന്ന പരാമർശങ്ങൾ. എന്നുതുടങ്ങിയാണ് റോഷി മറുപടി ആരംഭിച്ചത്. നമ്മളെന്താ പറഞ്ഞത് 142 അടിയിൽ കൂടുതൽ ഉയർത്താൻ പാടില്ല. കോടതി എന്തു പറഞ്ഞു? 142 അടിക്ക് അപ്പുറത്ത് പോകാൻ പാടില്ല...'' ഇത്രയുമായപ്പോഴേക്കും തിരുവഞ്ചൂർ ഇടപെട്ടു: ''അങ്ങ് പറയുന്ന കാര്യങ്ങളെല്ലാം ഇവിടെ റെക്കോഡ് ചെയ്യുകയാണ്. അത് കോടതിയിലുമെത്തും. 136 അടിയാണ് എല്ലാക്കാലത്തും കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. 142 എന്ന മാറ്റം എവിടെ നിന്നുവന്നെന്ന് എനിക്കറിയില്ല. ഏത് സർക്കാർ ഭരിച്ചാലും 1979 മുതൽ 136 അടി എന്നത് ഔദ്യോഗിക നിലപാടാണ്". തെറ്റുസമ്മതിക്കാതെ തന്നെ മന്ത്രി വ്യക്തമാക്കിയത് ഇങ്ങനെ: ''142 അധികരിക്കരുത് എന്ന് സുപ്രീംകോടതി പറഞ്ഞുവെന്നാണ് ഞാൻ പറഞ്ഞത്. എന്നു പറഞ്ഞാൽ കേരളത്തിന്റെ നിലപാട് അതെന്നല്ല അർഥം. കേരളത്തിന്റെ നിലപാട് 136 അടി തന്നെ.''
ഇതിനിടയിൽ കെ. ബാബു ഇടപെട്ടു. ''മുഖ്യമന്ത്രി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ മുല്ലപ്പെരിയാർ ഡാം ഉടൻപൊട്ടും എന്നു പറഞ്ഞ് കടൽ വരെ ഒരു ചങ്ങലപിടിച്ചല്ലോ.. ഇപ്പോൾ മുല്ലപ്പെരിയാറിന് വല്ല അപടകവും ഉള്ളതായി തോന്നുന്നുണ്ടോ?' അന്ന് താൻ യു.ഡി.എഫിന്റെ ഭാഗമായിരുന്നെന്നും പൊട്ടിയേക്കുമെന്ന് ആശങ്കപ്പെട്ട് നിരാഹാരം കിടന്നിട്ടുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.