ആറ്റിങ്ങലിൽ വോട്ടിന് നോട്ട് വിവാദം; ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി
text_fieldsതിരുവനന്തപുരം: ആറ്റിങ്ങലിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിനുവേണ്ടി ബാറുടമയും ബന്ധുവുമായ ബിജു രമേശ് വോട്ടർമാർക്ക് പണം നൽകുന്നെന്നാരോപിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വോട്ടർമാർക്ക് പണം നൽകുന്നെന്നാരോപിച്ച് വെള്ളിയാഴ്ച രാത്രിയോടെ അരുവിക്കര വടക്കേമലയിൽ അദ്ദേഹത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ബിജു രമേശിന്റെ നേതൃത്വത്തിൽ പണം കൊടുത്ത് വോട്ട് വാങ്ങിയാണ് കഴിഞ്ഞതവണ അടൂർ പ്രകാശ് വിജയിച്ചതെന്നും ഇത്തവണ ഈ തന്ത്രം പ്രയോഗിക്കാൻ ശ്രമിച്ചാൽ ശക്തമായി കൈകാര്യം ചെയ്യുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി പറഞ്ഞു.
ബിജു രമേശിന്റെ വാഹനത്തിൽനിന്ന് പണം കണ്ടെത്തിയിട്ടില്ല. എന്നാൽ, അദ്ദേഹം പണം നേരിട്ട് നൽകില്ല എന്ന് എല്ലാവർക്കും അറിയാമെന്നും പണം വിതരണം ചെയ്യാനുള്ള ഡീല്‍ ഉറപ്പിക്കാനാണ് എത്തിയതെന്നും വി. ജോയി ആരോപിച്ചു.
ആരോപണങ്ങൾ ബിജു രമേശ് നിഷേധിച്ചു. തന്റെ ബിസിനസുമായി ബന്ധപ്പെട്ട് ഒരാളെ കാണാനാണ് താൻ വടക്കേമലയിൽ പോയതെന്നും തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.