വിദ്യാർഥികൾക്കുള്ള അരി വീട്ടിലെത്തിക്കാനുള്ള നീക്കം വിവാദത്തിൽ
text_fieldsപാലക്കാട്: സ്കൂൾ വിദ്യാർഥികൾക്കുള്ള അരിയും ഭക്ഷ്യഭദ്രത അലവൻസും വീടുകളിൽ എത്തിക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് നീക്കിവെച്ചതും കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതെ കിടക്കുന്നതുമായ അരിയാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അധ്യയനവർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് അരി കൊടുത്തുതീർക്കേണ്ടതിനാലാണ് ഇപ്പോൾ വിതരണം ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്.
ഏതെങ്കിലും സാഹചര്യത്തിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഭക്ഷ്യധാന്യം വിദ്യാർഥികൾക്ക് പാചകം ചെയ്ത് നൽകാൻ സാധിക്കാതെ വന്നാൽ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം അലവൻസ് അനുവദിക്കണം.
കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകച്ചെലവും ചേരുന്നതാണ് ഭക്ഷ്യഭദ്രത അലവൻസ്. കോവിഡ് മൂലം അടച്ചിട്ട സ്കൂളുകൾ തുറക്കുന്നതുവരെ ഉച്ചഭക്ഷണത്തിന് അർഹരായ എല്ലാ കുട്ടികൾക്കും അലവൻസ് നൽകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.
ഇതുപ്രകാരം 2020 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ അലവൻസ് ഭക്ഷ്യ കിറ്റുകളായി സപ്ലൈകോ സഹകരണത്തോടെ നേരത്തേ വിതരണം ചെയ്തു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അലവൻസ് രണ്ടാംഘട്ടമായി വിതരണം ചെയ്തു.
സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള അരിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. അരിക്ക് പിന്നാലെ പലവ്യഞ്ജന കിറ്റുകൾ വിതരണത്തിനെത്തുമെന്നും ഉത്തരവിൽ പറയുന്നു. ഇപ്പോൾ അരി മാത്രമാണ് വിതരണം ചെയ്യുന്നത്. 11 തരം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് തയാറാക്കൽ പൂർത്തിയായിട്ടില്ല. ഇത് തയാറാക്കുന്നത് സപ്ലൈകോയാണ്.
പ്രീ പ്രൈമറി സ്കൂളുകളിൽ ഒരു കുട്ടിക്ക് 700 രൂപയും അഞ്ച് കിലോ അരിയും പ്രൈമറി വിദ്യാർഥികൾക്ക് 15 കിലോ അരിയും 700 രൂപയും അപ്പർ പ്രൈമറിയിൽ 25 കിലോ അരിയും 1,200 രൂപയുമാണ് ഭക്ഷ്യഭദ്രത അലവൻസ്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്ക് പഞ്ചസാര, ചെറുപയർ എന്നിവ ഓരോ കിലോ വീതവും അപ്പർ പ്രൈമറിക്കാർക്ക് രണ്ടുകിലോ വീതവുമാണ് കിറ്റിലുള്ളത്.
പ്രീ പ്രൈമറി, പ്രൈമറി വിഭാഗത്തിന് വെളിച്ചെണ്ണ ഒരു ലിറ്ററും അപ്പർ പ്രൈമറിക്കാർക്ക് രണ്ടു ലിറ്ററും നൽകുന്നുണ്ട്. ആട്ട, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വൻപയർ, വെള്ളക്കടല, തുവര, റാഗി പൗഡർ തുടങ്ങിയവയാണ് കിറ്റിലെ മറ്റിനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.