മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ചൊല്ലി വിവാദം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ സമേതമുള്ള വിദേശയാത്രയെ ചൊല്ലി വിവാദം. ആരെയും അറിയിക്കാതെ, ഭരണച്ചുമതല ആർക്കും കൈമാറാതെയുള്ള യാത്ര എന്തിനു വേണ്ടിയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കുടുംബത്തെയും കൂട്ടിയുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല വിനോദയാത്ര കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് ചേർന്നതാണോയെന്ന ചോദ്യവും ഉയരുന്നു. യാത്ര സർക്കാറും പാർട്ടിയും അറിഞ്ഞാണെന്നും നിയമവും ചട്ടവും ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ യാത്രയിൽ തെറ്റായി ഒന്നുമില്ലെന്നും സി.പി.എം വിശദീകരിക്കുന്നു.
വിദേശയാത്ര പുറപ്പെടുന്നതുവരെ രഹസ്യമാക്കി വെച്ച് കള്ളക്കളി കളിക്കുന്നത് എന്തിനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചോദിച്ചു. വിനോദയാത്രയാണെങ്കിലും ജനങ്ങളോട് ഒളിച്ചുവെക്കുന്നത് ശരിയല്ല. പാർട്ടിയെ മാത്രം അറിയിച്ച് വിദേശത്ത് പോകാൻ പിണറായി വിജയൻ ഇപ്പോൾ പാർട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്. ആരുടെയോ സ്പോൺസർഷിപ്പിലാണ് യാത്രയെന്ന് സംശയിക്കുന്നതായും കെ. സുധാകരൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക് രഹസ്യമില്ലെന്നും വിദേശയാത്രയുടെ കാര്യങ്ങൾ പരസ്യമാക്കാതിരിക്കുന്നത് സംശയാസ്പദമാണെന്നും കെ. മുരളീധരൻ പറഞ്ഞു. എവിടേക്ക് എന്തിനു പോകുന്നെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
യാത്രക്കുള്ള പണം എവിടെനിന്ന് ലഭിച്ചെന്നും ആരാണ് സ്പോൺസറെന്ന് പറയണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണെന്നാണ് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജെൻറ പ്രതികരണം. യാത്രയെ കുറിച്ച് പാർട്ടി അറിഞ്ഞിരുന്നു. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ല. ഞങ്ങൾ എവിടെ പോകണമെന്ന് ഞങ്ങൾ തീരുമാനിക്കും. യാത്രയുടെ ചെലവ് സംബന്ധിച്ച ചോദ്യത്തിന് നിങ്ങൾ കൊടുക്കുമോ എന്നായിരുന്നു മറുപടി. വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് ഇ.പി. ജയരാജൻ തുടർന്നു.
മുഖ്യമന്ത്രി വിദേശത്ത് പോകുന്നതല്ല, അത് രഹസ്യമാക്കി വെച്ചതും ചുമതല ആർക്കും കൈമാറാത്തതുമാണ് പ്രതിപക്ഷം വിവാദമാക്കുന്നത്. സ്പോൺസേഡ് യാത്രയെന്ന ആരോപണമുയർത്തി മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയത്തിന്റെ പുകമറയിൽ നിർത്താനാണ് ശ്രമം. മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തുന്നതുവരെ വിദേശയാത്ര സംബന്ധിച്ച വിവാദവും നീളും.
തിങ്കളാഴ്ച പുലർച്ച നെടുമ്പാശ്ശേരിയിൽനിന്ന് ദുബൈ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർ ഇന്തോനേഷ്യയിലെത്തിയത്. മേയ് രണ്ടു മുതൽ ദുബൈയിലുണ്ടായിരുന്ന മരുമകൻ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ഇന്തോനേഷ്യയിലെത്തിയിട്ടുണ്ട്. ഈ മാസം 12 വരെ അവിടെ തുടരുന്ന മുഖ്യമന്ത്രിയും കുടുംബവും 18 വരെ സിങ്കപ്പുർ കൂടി സന്ദർശിച്ച ശേഷം ദുബൈ വഴി മേയ് 21നാണ് നാട്ടിൽ തിരിച്ചെത്തുക. സ്വകാര്യ സന്ദർശനമെന്ന് കാണിച്ചാണ് ഇരുവരും കേന്ദ്രസർക്കാറിൽനിന്ന് അനുമതി തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.