ജല അതോറിറ്റി തലപ്പത്തെ കരാർ നിയമന നീക്കം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയിലെ ടെക്നിക്കൽ മെംബർ തസ്തികയിൽ വിരമിക്കുന്നയാൾക്ക് കരാർ അടിസ്ഥാനത്തിൽ പുനർനിയമനം നൽകാനുള്ള നീക്കം വിവാദത്തിൽ.
നിലവിൽ ഈ തസ്തികയിൽ നിയമിക്കാൻ യോഗ്യരായ ജീവനക്കാരുള്ളപ്പോഴാണ് സമ്പത്തിക ബാധ്യത വരുത്തുന്ന പുതിയ നീക്കം. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ വകുപ്പുമന്ത്രിയെ സമീപിച്ചു. ടെക്നിക്കൽ മെംബറായി നിയമിക്കാവുന്ന ചീഫ് എൻജിനീയർ സ്ഥാപനത്തിലുള്ളപ്പോഴാണ് കരാർ നിയമനത്തിനുള്ള ചരടുവലി. ആറ് ചീഫ് എൻജിനീയർമാരുടെ തസ്തികയാണ് ജല അതോറിറ്റിയിലുള്ളത്. ഇതിൽ ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
മറ്റൊരാൾ ഈ മാസം 31ന് വിരമിക്കും. ശേഷിക്കുന്ന നാലുപേരിൽനിന്ന് സീനിയോറിറ്റി പരിഗണിച്ച് ടെക്നിക്കൽ മെംബർ സ്ഥാനത്തേക്ക് നിയമനം നടത്താമെന്നിരിക്കെയാണ് കരാർ നിയമന നീക്കം.
അഴിമതിയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ മന്ത്രി റോഷി അഗസ്റ്റിന് കഴിഞ്ഞ ദിവസം കത്ത് നൽകി. അതേസമയം, എ.ഡി.ബി വായ്പ സ്വീകരിച്ച് നടത്തുന്ന പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കാനാണ് കരാർ നിയമന നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
എ.ഡി.ബി വായ്പ സ്വീകരിച്ച് നടപ്പാക്കുന്ന കേരള അർബൻ വാട്ടർ സർവിസസ് ഇംപ്രൂവ്മെൻറ് പ്രോജക്ടിനെതിരെ ഭരണപക്ഷ സംഘടനകളടക്കം രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.