പൊലീസ് ഉദ്യോഗസ്ഥ സംഘടനക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചത് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിന് ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്ന് ആരോപണം. മുൻ കീഴ്വക്കങ്ങൾ ലംഘിച്ച് സ്വിമ്മിങ് പൂളിന്റെ ലാഭവിഹിതം അസോസിയേഷൻ പരിപാടിക്ക് അനുവദിച്ചതാണ് സേനാംഗങ്ങൾക്കിടയിൽ പുതിയ വിവാദത്തിന് വഴിവെച്ചിട്ടുള്ളത്.
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) എസ്.എ.പി ജില്ല കമ്മിറ്റിയുടെ സമ്മേളനത്തിന്റെ ഭാഗമായി മുൻകാല ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഈമാസം 27ന് മന്ത്രി ഉൾപ്പെടെ പങ്കെടുക്കുന്നതാണ് ചടങ്ങ്.
എസ്.എ.പി ക്യാമ്പില്‍ നടക്കുന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ‘ഒരു വട്ടം കൂടിയെന്ന’ പരിപാടിക്ക് തുക അനുവദിച്ചതാണ് വിവാദമായത്. സേനയിലെ മുൻകാല ഉദ്യോഗസ്ഥരുടെ ഒത്തുചേരലാണ് ‘ഒരുവട്ടം കൂടി’ എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പരിപാടിയുടെ നടത്തിപ്പിനായി പണം അനുവദിക്കണമെന്ന് അസോസിയേഷൻ എസ്.എ.പി കമാണ്ടന്റിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിനകത്തുള്ള സിമ്മിങ് പൂളിന്റെ മേൽനോട്ട സമിതി സമിതിയോഗത്തിൽനിന്ന് വരുമാനമായി ലഭിച്ച തുക സംഘടനക്ക് നൽകാൻ തീരുമാനിച്ചത്.
പൊതുജനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന സ്വിമ്മിങ് പൂള് ഉപയോഗിക്കുന്നവരിൽനിന്ന് ലഭിക്കുന്ന ഫീസിൽനിന്നാണ് പണം 25,000 രൂപ അനുവദിച്ചത്. എന്നാൽ, ഇത്തരത്തിൽ പണം അനുവദിക്കാനാകില്ലെന്നാണ് സേനാംഗങ്ങളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
സ്വിമ്മിങ് പൂളിൽനിന്നുളള ലാഭവിഹിതം ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. പക്ഷേ, ഇതിന്റെ മറവിലാണ് സംഘടനക്ക് പണം അനുവദിച്ചിട്ടുള്ളത്. പൊലീസ് വെൽഫെയർ ബോർഡിൽനിന്നും സ്പോർട്സ് ഫണ്ടിൽനിന്നും കടമെടുത്താണ് ക്യാമ്പിനുള്ളിൽ സ്വിമ്മിങ് പൂള് നിർമിച്ചത്. പൊതുജനങ്ങള്‍ക്കും നിശ്ചിത തുക ഫീസായി നൽകി ഇവിടെ നീന്താനാകും.
ഇങ്ങനെ ഫീസിനത്തിൽ ലഭിക്കുന്ന തുകയിൽനിന്ന് കടം തിരികെ അടക്കുന്നതിനിടെയാണ് സംഘടനക്കുവേണ്ടി തുക വകമാറ്റുന്നതെന്നാണ് ആക്ഷേപം. യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും പണം അനുവദിച്ച് അന്തിമ ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നാണ് എസ്.എ.പി അധികൃതർ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.