കോടതിയെ സമീപിക്കും-വീയപുരം; നടുഭാഗം കലക്ടർക്ക് പരാതി നൽകി
text_fieldsആലപ്പുഴ/കോട്ടയം: നെഹ്‌റു ട്രോഫി ജലമേളയിൽ വിജയികളെ നിർണയിച്ചതിനെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ഫലത്തിനെതിരെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രണ്ടാംസ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ. കലക്ടർക്കും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാർട്ടിങ്ങിൽ ഗുരുതര പിഴവ് സംഭവിച്ചെന്ന പരാതിയുമായാണ് മൂന്നാം സ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ബോട്ട് ക്ലബ് രംഗത്തെത്തിയത്.
കാരിച്ചാലിന്‍റെ സമയം കുറച്ചുകാണിച്ചെന്നും സമയം നിർണയിക്കാനുള്ള ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാത്തപ്പോൾ എങ്ങനെയാണ് കൃത്യമായി സമയം നിശ്ചയിക്കുന്നതെന്നും വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അധികൃതർ ചോദിക്കുന്നു.
തങ്ങളുടെ തുഴച്ചിലുകാർ തയാറാകും മുമ്പ് മത്സരം തുടങ്ങിയെന്ന് നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ബോട്ട് ക്ലബും പരാതിപ്പെട്ടു. സ്കൂളിലെ ഓട്ടമത്സരത്തിന് കൊടുക്കുന്ന വിലപോലും ഇത്രയും വലിയ മത്സരത്തിന് അധികൃതർ നൽകിയില്ലെന്നും കുമരകം ബോട്ട് ക്ലബ് അധികൃതർ ആരോപിക്കുന്നു. മറ്റ് മൂന്ന് വള്ളങ്ങളുടെയും ലോക്കഴിച്ച് മൂന്ന് സെക്കൻഡോളം കഴിഞ്ഞാണ് തങ്ങളുടെ ലോക്കഴിച്ചതെന്നും നടുഭാഗം ചുണ്ടന്‍റെ തുഴച്ചിലുകാർ ആരോപിച്ചു. ഒരു നാടിന്‍റെ സ്വപ്നമാണ് സ്റ്റാർട്ടറുടെ അപാകതമൂലം തകർന്നതെന്ന് അവർ പറഞ്ഞു.
അതേസമയം, വള്ളംകളിയുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി ശനിയാഴ്ചയുണ്ടായ തർക്കത്തിൽ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീയപുരം ചുണ്ടനിലെ തുഴച്ചില്‍കാര്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ഫലപ്രഖ്യാപനം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് തർക്കമുണ്ടായത്.
വിജയി കാരിച്ചാലോ വീയപുരമോ എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയതെന്നാണ് സംഘാടക സമിതി പറയുന്നത്. ഇക്കാര്യം തങ്ങൾക്ക് ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട് ക്യാപ്റ്റന്‍റെ നേതൃത്വത്തിൽ തുഴച്ചിൽകാർ നെഹ്റു പവിലിയനിലേക്ക് ഇടിച്ചുകയറി. ഇതുകണ്ട പൊലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.