വിവാദം ബാക്കി; കലാമണ്ഡലം വി.സി ഇന്ന് പടിയിറങ്ങും
text_fieldsചെറുതുരുത്തി: കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നാലര വർഷത്തെ സേവനം അവസാനിപ്പിച്ച് ബുധനാഴ്ച പടിയിറങ്ങുന്നു. 2008 ഫെബ്രുവരിയിൽ കലാമണ്ഡലത്തിന്‍റെ ആറാമത്തെ വൈസ് ചാൻസലറായി ചുമതലയേറ്റ അദ്ദേഹം സർവകലാശാലയുടെ മുഖച്ഛായ മാറ്റുന്ന ഇടപെടലുകൾ നടത്തിയാണ് ഒഴിയുന്നത്. രാജ്ഭവനും സർക്കാറും കോടതിയും എല്ലാം ഉൾപ്പെട്ട വിവാദത്തിന്‍റെ കാലം കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി.
ജലക്ഷാമം നേരിടുന്ന കലാമണ്ഡലത്തിൽ ആശ്രയ പദ്ധതിയിൽ വലിയ കുളം കുഴിച്ച് വെള്ളം സംരക്ഷിക്കാനുള്ള പദ്ധതിയും കലാമണ്ഡലത്തിന് പുതിയ കാമ്പസ് തുടങ്ങാൻ സ്ഥലം വാങ്ങാനുള്ള നടപടികളും പൂർത്തിയാക്കി. കലാമണ്ഡലം വിദ്യാർഥികൾ 100 ശതമാനം വിജയം കൈവരിച്ചതും ഡോ. നാരായണന്‍റെ കാലത്താണ്. അടുത്ത വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും തയാറായി. ഇക്കാലയളവിൽ ഇംഗ്ലീഷിൽ രണ്ടെണ്ണം ഉൾപ്പെടെ 10 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്.
സർക്കാറിനെ ആശ്രയിക്കാതെ സ്വന്തമായി വിഭവ സമാഹരണത്തിലൂടെ വികസനം എന്ന നയം ഒരളവോളം വിജയിച്ചു. അതേസമയം, ഒരുവർഷമായി രജിസ്ട്രാർ ഇല്ലെന്ന കുറവ് ബാക്കിയാണ്.
നേരത്തേ കോടികൾ മുടക്കി നിർമിച്ച രംഗകലാ മ്യൂസിയം ഉപകാരപ്രദമാക്കാൻ കഴിയാതിരുന്നത് ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.ആർ.ഒ തസ്തികയിലേക്കുള്ള നിയമനത്തെച്ചൊല്ലി ചാൻസലറായ ഗവർണറുടെ ഓഫിസുമായി വി.സി തർക്കത്തിൽ ഏർപ്പെട്ടതും വിഷയം കോടതിയിലും സർക്കാർ തലത്തിലും എത്തിയതും വലിയ വാർത്തയായിരുന്നു. ഗവർണർ വിളിപ്പിച്ചിട്ടും വി.സി പോകാതിരുന്നതും വാർത്തകളിൽ ഇടംപിടിച്ചു. ഇപ്പോഴും അതിന്‍റെ കനലടങ്ങിയിട്ടില്ല. അതേസമയം, വിദ്യാർഥികളും അധ്യാപകരുമായി നല്ല ബന്ധം നിലനിർത്തിയതിന്‍റെ ചാരിതാർഥ്യത്തിലാണ് ഡോ. ടി.കെ. നാരായണൻ സേവനകാലം പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.