സഭാ തർക്കം: വൈദികർക്ക് കൂട്ടസ്ഥലം മാറ്റം
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാനയുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രമുഖരടക്കം വൈദികർക്ക് കൂട്ടസ്ഥലം മാറ്റം. അതിരൂപതയുടെ ഭരണകാര്യാലയത്തിലാണ് (കൂരിയായിൽ) പ്രധാനമായും ഇളക്കി പ്രതിഷ്ഠ നടന്നിരിക്കുന്നത്. കൂടാതെ വിമതരെ പിന്തുണച്ച നിരവധി വൈദികർക്ക് സ്ഥലംമാറ്റമടക്കം സ്ഥാനചലനവും സംഭവിച്ചിട്ടുണ്ട്.
മെത്രാപ്പോലീത്തൻ വികാരിയായിരുന്ന മാർ ആന്‍റണി കരിയിലിനൊപ്പം വികാരി ജനറൽമാരായിരുന്ന ഫാ. ജോയ് അയിനിയാടൻ, ഫാ. ഹോർമിസ് മൈനാട്ടി, ഫാ. ജോസ് പുതിയേടത്ത് എന്നിവരെ മാറ്റി. വികാരി ജനറലായി ഫാ. വർഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. ചാൻസലറായി ഫാ. മാർട്ടിൻ കല്ലുങ്കൽ നിയമിതനായി, അദ്ദേഹം പി.ആർ.ഒയുടെ ചുമതലയും നിർവഹിക്കും. നേരത്തേ ഫാ. കിലുക്കൻ മാത്യുവായിരുന്നു പി.ആർ.ഒ.
സിഞ്ചെലൂസായി മോൺ. ആന്‍റണി പെരുമായൻ നിയമിതനായി. ഫാ. അയിനിയാടൻ ജോയ്യെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടറാക്കി. ഫാ. സൊബാസ്റ്റ്യൻ മഞ്ഞളിയാണ് വൈസ് ചാൻസലർ. ഫാ. പോൾ മാടശേരി പ്രൊക്യുറേറ്ററായും നിയമിതനായി. ഫാ. മൈനാട്ടി ഹോർമിസ് ലിസി ആശുപത്രിയുടെ സ്പിരിച്വൽ ഡയറക്ടറാകും. ഫാ. ജോസ് പുതിയേടത്തിനെ പറവൂർ കൊറ്റക്കാവ് ഫൊറോന വികാരിയായും മാറ്റി നിയമിച്ചു. സഭാനേതൃത്വത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് പിന്തുണ നൽകുകയോ പ്രതിഷേധത്തിൽ പങ്കെടുക്കുകയോ ചെയ്തവരെയാണ് പ്രധാന പദവികളിൽനിന്നടക്കം മാറ്റിയതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിൽ പ്രമുഖ സ്ഥാനം വഹിച്ച പലർക്കും മറ്റു പദവികൾ നൽകിയിട്ടുമില്ല.
ഇതിനിടെ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന്‍റെ കാൽ തല്ലിയൊടിക്കുമെന്ന് വിമതരിൽ ചിലർ ഭീഷണി മുഴക്കിയതോടെ തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങി. അതിരൂപത സംരക്ഷണ സമിതി നേതാവാണ് ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. അതിരൂപതയിലെ 410 വൈദികരിൽ 360 പേരും നേതൃത്വത്തിന് എതിരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാർപാപ്പ ഇടപെട്ടിട്ടും ഇവരുടെ മനസ്സ് മാറ്റാൻ കഴിയാത്തതിനാലാണ് ഇപ്പോൾ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയതത്രേ.
എന്നാൽ, അതിരൂപത സംരക്ഷണ സമിതിയും സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറവും അൽമായ മുന്നേറ്റവും അടക്കമുള്ള സംഘടനകൾ സഭാ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കൂരിയായിലെ ഇപ്പോഴത്തെ സ്ഥാനമാറ്റങ്ങൾ നേതൃമാറ്റം ഉണ്ടാകുമ്പോഴുള്ള സ്വാഭാവിക നടപടിയാണെന്നും അതിനെ മറ്റു നിലയിൽ കാണേണ്ടതില്ലെന്നുമാണ് സഭാ നേതൃത്വം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.