ജയസാധ്യതയുള്ള സീറ്റുകൾ 'ഇഷ്ടക്കാർക്ക്', ബി.ജെ.പിയിൽ വിവാദം കത്തുന്നു
text_fieldsതിരുവനന്തപുരം: ജയസാധ്യതയുള്ള സീറ്റുകളിലേറെയും ഇഷ്ടക്കാർക്ക് നൽകിയെന്നും വിജയസാധ്യതയുള്ളവരെ വെട്ടിനിരത്തിയെന്നുമുള്ള ആരോപണങ്ങളെത്തുടർന്ന് സംസ്ഥാന ബി.ജെ.പി വിഷമവൃത്തത്തിൽ. ആർ.എസ്.എസ് സൈദ്ധാന്തിക പ്രമുഖൻ ആർ. ബാലശങ്കർ ബി.ജെ.പി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ആരോപണങ്ങൾ പല മണ്ഡലങ്ങളിലെയും വിജയസാധ്യത ഇല്ലാതാക്കിയെന്നും ഗ്രൂപ് തർക്കം കൂടുതൽ ശക്തമാക്കുമെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനുമാണ് തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായി സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന ആക്ഷേപമാണ് പാർട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.
നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസിനും എം.ടി. രമേശിന് കോഴിക്കോട് നോർത്തും നൽകിയതൊഴിച്ചാൽ മറ്റ് എ പ്ലസ് മണ്ഡലങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തിനൊപ്പം നിലകൊള്ളുന്നവർക്കാണ് നൽകിയത്. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ദേശീയ നിർവാഹക സമിതിയംഗമായ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വത്തിലെ ചിലർ പരമാവധി ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വത്തിെൻറ ഇടപെടലാണ് ഇപ്പോഴും അവരുടെ പേര് സജീവമാക്കി നിർത്തിയിരിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നു.
വിജയത്തിനല്ല മറിച്ച് വ്യക്തിതാൽപര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള സ്ഥാനാർഥി നിർണയമാണ് നടന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതിന് പുറമെയാണ് ഇരുമുന്നണികളുമായി ധാരണയുണ്ടാക്കിയുള്ള സ്ഥാനാർഥികളെയാണ് മത്സരരംഗത്തിറക്കിയതെന്ന ആക്ഷേപം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ കരുത്തരെ മത്സരിപ്പിച്ചില്ല, പല മണ്ഡലം കമ്മിറ്റികളുടെയും ശിപാർശകൾ അവഗണിച്ചു, സംസ്ഥാന നേതൃത്വത്തെ എതിർക്കുന്നവരെയെല്ലാം ഒതുക്കുന്നു തുടങ്ങിയ ആരോപണങ്ങളും പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നു. എന്നാൽ വിജയസാധ്യത മാത്രം പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും ബാലശങ്കർ ഉൾപ്പെടെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെല്ലാം സീറ്റ് കിട്ടാത്തതിലുള്ള വിഷമം മാത്രമാണെന്നുമാണ് നേതൃത്വത്തിെൻറ ഒൗദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.