ഭിന്നശേഷിക്കാർക്ക് സുഗമസഞ്ചാരം: കേരളത്തെ ബാരിയർഫ്രീ സംസ്ഥാനമാക്കി മാറ്റും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാതെ എവിടെയും സഞ്ചരിക്കാൻ കഴിയുന്ന ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിന്‍റെ (നിഷ്) രജത ജൂബിലി ആഘോഷ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കിയാലേ ബാരിയർ ഫ്രീ സംസ്ഥാനമാക്കി മാറ്റാനാകൂ.
600 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സർക്കാർ നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന് നിഷ്‌കർഷിച്ചതും ഇതിന്റെ ഭാഗമായാണ്. ശ്രവണപരിമിതി ചെറുപ്പത്തിൽതന്നെ കണ്ടെത്താൻ ഏർലി ഇൻറർവെൻഷൻ സെന്‍ററിന്‍റെ സേവനം സംസ്ഥാനമാകെ വ്യാപിപ്പിക്കും. ബധിരർക്കും ശ്രവണവൈകല്യമുള്ളവർക്കുമായി കേരളത്തിലെ ആദ്യ ദ്വിഭാഷാ സ്‌കൂൾ പ്രവർത്തനസജ്ജമാക്കും. കോവിഡ് ഘട്ടത്തിൽ സാധാരണക്കാർ അനുഭവിച്ചതിനെക്കാൾ വലിയ പ്രശ്‌നങ്ങളാണ് ഭിന്നശേഷിക്കാർ നേരിട്ടത്. കോവിഡാനന്തര ലോകത്ത് അവർക്ക് പ്രത്യേക പരിഗണന ലഭിക്കണം. അത് ഉറപ്പാക്കാൻ നിഷ് നവീകരണത്തിന് സർക്കാർ മുൻകൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ എൻജിനീയറിങ് സർവിസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ നിഷിലെ പൂർവവിദ്യാർഥികളായ ലക്ഷ്മി, പാർവതി എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.