പാചകവാതക വിലവർധന: പൊറുതിമുട്ടി ജനം അടച്ചുപൂട്ടണോ അടുക്കള?
text_fieldsകോഴിക്കോട്: വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ജനത്തിന് വീണ്ടും തിരിച്ചടിയായി പാചകവാതക സിലിണ്ടറിന്റെ വിലവർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടുമ്പോൾ ഒരുസിലിണ്ടറിന് 1,110 രൂപ നൽകേണ്ടിവരും. ഇന്ധനസെസ് കൂട്ടിയതോടെ സംസ്ഥാനത്ത് വലിയ വിലക്കയറ്റമാണ് ഉണ്ടായത്. ഇതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിന്റെ വിലയും കൂട്ടിയത്. ഇതോടെ സാധാരണക്കാർ അടുക്കള അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ഗാർഹിക സിലിണ്ടറിനൊപ്പം വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത്.
ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ വിലവർധന രൂക്ഷമായി ബാധിക്കും. വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതോടെ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഇപ്പോൾതന്നെ ഹോട്ടലുകളിൽ തോന്നുംപോലെയാണ് വില ഈടാക്കുന്നതെന്ന് പരാതിയുണ്ട്.
മിൽമ പാൽ ലിറ്ററിന് ആറുരൂപ കൂട്ടിയതോടെ ചായയുടെ വില 10ൽനിന്ന് 12-15 ആയി ഉയർന്നു. ഇന്ധന സെസ് ഉയർത്തിയതും ഭക്ഷണസാധനങ്ങൾക്ക് വില വർധിക്കാൻ കാരണമായി. ചെറുകടികൾക്ക് 10, 12, 15 എന്നിങ്ങനെയാണ് ഈടാക്കുന്നത്. എവിടെയും ഏകീകൃത വിലനിലവാരമില്ല. സാധാരണ ഹോട്ടലുകളിൽ പോലും ഊണിന് 50 മുതൽ 70 വരെയാണ് നിരക്ക്. ഇതിനിടെയാണ് പാചകവാതക വില കൂടി ഉയർത്തിയത്. ഇത് ഭക്ഷണ സാധനങ്ങൾക്ക് വലിയ വിലവർധനക്ക് ഇടയാക്കും.
ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി യു.എസ്. സന്തോഷ് പറഞ്ഞു.
രണ്ടുമാസമായി സിലിണ്ടറിനുള്ള ഇൻസെന്റിവ് എടുത്തുകളഞ്ഞതും വ്യാപാരികളെ വലക്കുന്നുണ്ട്. സബ്സിഡി എടുത്തുകളഞ്ഞതും വിലവർധനയും കാരണം രണ്ടായിരത്തോളം രൂപയാണ് പാചകവാതകത്തിനുമാത്രം അധികമായി നൽകേണ്ടിവരുക. ജനുവരി ഒന്നിനാണ് നേരത്തേ എൽ.പി.ജി സിലിണ്ടറിന്റ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് അന്നുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പാചകവാതക വിലവർധന മൂലം ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. കോവിഡ് മഹാമാരി കാരണം കൂടുതൽ പ്രയാസമനുഭവിച്ച തങ്ങളുടെ തലയിൽ ഇടിത്തീപോലയാണ് വിലവർധന വന്നുവീണതെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പ്രേംചന്ദ് പറഞ്ഞു. കല്യാണ സീസണിനെ വലിയ പ്രതീക്ഷയോടെ വരവേൽക്കാനിരിക്കെ ഉണ്ടായ വിലവർധന വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നവർ വിറക് ഉപയോഗിച്ച് അടുപ്പ് കത്തിക്കുന്ന ശീലം ഉപേക്ഷിച്ചനിലയിലാണ്. എല്ലാവരും എൽ.പി.ജിയെയാണ് ആശ്രയിക്കുന്നത്. എട്ടു വർഷത്തിനിടെ കേന്ദ്രസർക്കാർ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചത് 160 ശതമാനമാണ്. പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി വിതരണംചെയ്യുന്ന പദ്ധതിക്ക് നേരത്തേ കേന്ദ്രം തുടക്കമിട്ടിരുന്നു.
2014ൽ ഒരുസിലിണ്ടറിന് ഗാർഹിക ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്ന 410 രൂപ ഒറ്റയടിക്ക് 1000 രൂപയാക്കി ഉയർത്തി. വീട്ടമ്മമാർക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കി അതിലൂടെ ഉയർത്തിയ വില സബ്സിഡിയായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. കുറച്ചുകാലം ഇത്തരത്തിൽ അക്കൗണ്ടുകളിലേക്ക് പണമെത്തി. ഇപ്പോൾ സബ്സിഡിയുമില്ല, പണവുമില്ല എന്ന അവസ്ഥയാണ്. ഇന്ധനസെസായാലും പാചകവാതകമായാലും ഓരോ വിലവർധനയും താങ്ങേണ്ട ബാധ്യത സാധാരണക്കാരന്റെ ചുമലിൽ തന്നെയാണ് ഒടുവിൽ വന്നെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.