പൊള്ളുന്ന ചൂട്: ‘കൂൾ റൂഫ്’ വ്യാപിപ്പിക്കാൻ കാമ്പയിൻ
text_fieldsതിരുവനന്തപുരം: വേനൽചൂടിൽ വീട്ടകങ്ങളിലടക്കം ജനം വാടിത്തളരുമ്പോൾ ടെറസുകൾ ‘തണുപ്പിക്കുന്ന’ പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകാൻ എനർജി മാനേജ്മെൻറ് സെന്റർ (ഇ.എം.സി).ടെറസിൽ വൈറ്റ് സിമന്റ് മിശ്രിതം തേയ്ക്കുക, ടെറസിൽ ഉപയോഗിക്കാൻ കഴിയുന്ന വെള്ള പെയിന്റ് പൂശുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താനാണ് നിർദേശിക്കുന്നത്. ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇ.എം.സിയുടെ ‘ഊർജകിരൺ സമ്മർ കാമ്പയിനിലൂടെ’ വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്.
കെട്ടിടങ്ങളുടെ ടെറസുകൾ പകൽ വലിയതോതിൽ ചൂടാവുന്നുണ്ട്. രാത്രിയിൽ ഇവ തണുക്കാത്തത് മുറിയിലെ താപനില ഉയർന്നുതന്നെ തുടരാൻ കാരണമാകുന്നു. എ.സി ഉപയോഗിച്ചാൽ പോലും ചൂട് കുറയാൻ ഏറെസമയം വേണ്ടിവരും. എ.സി 25ൽ സെറ്റ് ചെയ്യുന്നതിലൂടെ വൈദ്യുതി ഉപഭോഗം കുറക്കാനാവുമെങ്കിലും ചൂട് കൂടി നിൽക്കുന്നതിനാൽ ഉപഭോക്താക്കൾ 20ലും 18ലും വരെ എ.സി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇത് വലിയതോതിൽ വൈദ്യുതി ഉപയോഗത്തിന് കാരണമാവുന്നു.
ചൂടായ ടെറസിനടിയിൽ ഘടിപ്പിച്ചിട്ടുള്ള സീലിങ് ഫാൻ പ്രവർത്തിക്കുമ്പോഴും ചൂട് വായുവാകും മുറിയിൽ വ്യാപിക്കുക. ടെറസിലെ ചൂട് മുറികളിലെത്തുന്നത് കുറക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി. ഇതിനാണ് ‘കൂൾ റൂഫ്’ രീതികൾ അവലംബിക്കാൻ നിർദേശം നൽകുന്നത്.
സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ കെ.എസ്.ഇ.ബിയുമായി സഹകരിച്ച് മേയ് നാലുവരെ നടത്തുന്ന ഊർജ കിരൺ ‘സമ്മർ കാമ്പയിനി’ൽ ഇതിന് പ്രാമുഖ്യം നൽകുന്നുണ്ട്. ‘വേനൽകാലത്ത് ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ രണ്ടു മണിക്കൂർ വരെ നീളുന്ന പരിപാടികൾ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളുടെകൂടി പങ്കാളിത്തത്തിലാണ് നടത്തുന്നത്. ഗ്രന്ഥശാലകൾ, ക്ലബുകൾ എന്നിവയെയും പ്രചാരണ പ്രവർത്തനങ്ങളിൽ ഇ.എം.സി ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളിൽ തുടരുന്നു. വെള്ളിയാഴ്ചയിലെ ആകെ ഉപയോഗം 101.4984 ദശലക്ഷം യൂനിറ്റായിരുന്നു. വൈകുന്നേരത്തെ മാത്രം ഉപയോഗം 4947 മെഗാവാട്ടാണ്. ഒരാഴ്ചയായി മിക്കദിവസങ്ങളിലും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിലേറെയാണ്. കഴിഞ്ഞദിവസം ചില ജില്ലകളിൽ മഴ പെയ്തെങ്കിലും ചൂടിന് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം കുറയാനിടയില്ലെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.