മോദി സർക്കാറിനെ തൂത്തെറിയാൻ സാധ്യമാകുന്നവരുമായെല്ലാം സഹകരിക്കണം -ആന്റണി
text_fieldsതിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം രാജ്യത്ത് വെറുപ്പിനും ധ്രുവീകരണത്തിനും ശ്രമിക്കുന്ന മോദി സർക്കാറിനെ തൂത്തെറിയുന്നതിനാകണമെന്ന് എ.കെ. ആന്റണി. അതിനായി യോജിക്കാവുന്ന എല്ലാവരുമായും സഹകരിക്കണം. മുൻകാലങ്ങളിൽ പാർട്ടിക്ക് നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ ഒപ്പം നിർത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്ര സംഘാടനത്തിൽ മുഖ്യപങ്ക് വഹിച്ച എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കേരളത്തിൽനിന്ന് പങ്കെടുത്ത 19 പേരെയും അനുമോദിക്കാൻ കെ.പി.സി.സി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർലമെന്റ് രേഖകളിൽനിന്ന് കോൺഗ്രസ് നേതാക്കളുടെ പ്രസംഗം ഒഴിവാക്കാൻ കഴിയുമെങ്കിലും ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി സൃഷ്ടിച്ച റെക്കോഡ് തിരുത്താൻ ആർക്കും സാധിക്കില്ല.
അദ്ദേഹത്തെ ‘പപ്പു’വെന്ന് മുമ്പ് വിളിച്ച് ആക്ഷേപിച്ചവർ ഇനി ‘പപ്പു’മാരാകുമെന്നും ആന്റണി പറഞ്ഞു. കോൺഗ്രസിന് പിന്നിൽ ആളില്ലെന്ന് പറഞ്ഞവർക്ക് ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ അത് തിരുത്തേണ്ടിവന്നെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബി.ബി.സി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ രാജ്യത്ത് ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിക്കുന്ന മാധ്യമങ്ങളെ കാണുന്നില്ല- അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷതവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.