സഹകരണ നിയമഭേദഗതി: നിയമപോരാട്ടം തുടരും
text_fieldsതിരുവനന്തപുരം: സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്നുതവണ ജയിച്ചവർ വീണ്ടും മത്സരിക്കുന്നത് വിലക്കിയ നിയമഭേദഗതി റദ്ദാക്കിയ ഹൈകോടതി ഉത്തരവിൽ സമ്മിശ്രപ്രതികരണം. ഭാരവാഹികളായി തുടരുന്നവർ വിധിയെ സ്വാഗതം ചെയ്യുമ്പോൾ സ്ഥിരംമുഖങ്ങളിൽനിന്നുള്ള മാറ്റത്തിന് സഹായകമായിരുന്നു ഭേദഗതിയെന്ന് വാദിക്കുന്നവരുമേറെ. കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി ഒരേ ഭരണസമിതികളുള്ളയിടങ്ങളിൽ ക്രമക്കേടുകൾ കൂടുതലായിരുന്നെന്നും ഇതൊഴിവാക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നുമാണ് സർക്കാർ വാദം. ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയത് സർക്കാറിന് ക്ഷീണമായി.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈകോടതി അടുത്തിടെ സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സഹകരണ നിയമഭേദഗതിയിലെ തിരിച്ചടി. അതേസമയം, പ്രാഥമിക സംഘങ്ങളുടെ അക്കൗണ്ടിങ്ങിന് ഏകീകൃത സോഫ്റ്റ്വെയർ ഏർപ്പെടുത്തിയതടക്കം മറ്റു ഭേദഗതികൾ കോടതി ശരിവെച്ചത് സർക്കാറിന് ആശ്വാസം നൽകുന്നു. ജൂൺ ഏഴിനാണ് നിയമ ഭേദഗതികൾ നിലവിൽ വന്നത്. ദേഭഗതികളിൽ ചിലത് ഏകപക്ഷീയമാണെന്നും സഹകരണ മേഖലക്ക് ഗുണകരമല്ലെന്നും കാണിച്ചു വിവിധ സഹകരണ സംഘം ഭാരവാഹികളടക്കം നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.
രണ്ടു ടേമിൽ കൂടുതൽ ഭരണസമിതിയിൽ തുടരുന്നതു വിലക്കുന്ന വ്യവസ്ഥയാണ് നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ഉണ്ടായിരുന്നത്. പ്രതിപക്ഷ നിർദേശം കൂടി പരിഗണിച്ച് രണ്ടു ടേം മൂന്നാക്കി വർധിപ്പിച്ച് ബിൽ പാസാക്കുകയായിരുന്നു. സഹകരണ മേഖലയിലെ ഇത്തരം പരിഷ്കാരങ്ങളോട് യു.ഡി.എഫ് അനുകൂല സഹകരണ സംഘം ഭാരവാഹികളിൽ വലിയൊരു വിഭാഗത്തിനും എതിർപ്പുണ്ടായിരുന്നു. എന്നാൽ, ബിൽ പാസാക്കാൻ നിയമസഭയിൽ പ്രതിപക്ഷം സഹകരിച്ചതോടെ ഇവർ പിൻവാങ്ങി. ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീലിന് തീരുമാനിച്ച സാഹചര്യത്തിൽ മറുപക്ഷവും നിയമപോരാട്ടത്തിന് സജ്ജമാവും. ഇതു നിയമഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളടക്കം സർക്കാർ ഉന്നയിക്കുന്ന വാദങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വാദപ്രതിവാദങ്ങൾക്ക് വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.