സഹ. ബാങ്ക് ജീവനക്കാരും ശമ്പളക്കെണിയിൽ
text_fieldsശമ്പളം ഒന്നിനുതന്നെ അക്കൗണ്ടിലെത്തിയെങ്കിലും പണം പിൻവലിക്കാൻ കഴിയാതെ വലയുകയാണ് സഹകരണ ബാങ്ക് ജീവനക്കാർ. സഹകരണ ബാങ്കുകൾക്ക് പുതിയ കറൻസികൾ റിസർവ് ബാങ്ക് നൽകാത്തതാണ് കാരണം. ജീവനക്കാർക്ക് അതാത് സഹകരണ ബാങ്കുകൾതന്നെയാണ് ശമ്പളം നൽകുന്നത്. അതേ ബാങ്കിലെ സാലറി അക്കൗണ്ട് മുഖേനയാണ് വിതരണം. ഡെബിറ്റ് കാർഡോ നെറ്റ്ബാങ്കിങ്ങോ ഇല്ലാത്തതിനാൽ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ച് ഒന്നും ചെയ്യാൻ ഇവർക്ക് നിവൃത്തിയില്ല.
മലപ്പുറം ജില്ലയിൽ 121 സർവിസ് സഹകരണ ബാങ്കുകളും ഏഴ് അർബൻ സഹകരണ ബാങ്കുകളും 54 ജില്ല, സംസ്ഥാന സഹകരണ ബാങ്ക് ശാഖകളുമാണുള്ളത്. ഇതിൽ അർബൻ ബാങ്ക് ഒഴികെയുള്ള ബാങ്കുകളിലെ ജീവനക്കാരാണ് വെട്ടിലായത്. ചില്ലറ നോട്ടുകളായി ബാങ്കുകളിലുള്ള തുകയിൽനിന്ന് ആയിരമോ രണ്ടായിരമോ മാത്രമാണ് ജീവനക്കാർക്ക് പിൻവലിക്കാനായത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ അക്കൗണ്ട് ഉടമകൾക്ക് ജില്ല, സംസ്ഥാന സഹകരണ ബാങ്കുകൾ വഴി പണം പിൻവലിക്കാൻ സാധിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവോ സർക്കുലറോ ഇറങ്ങിയിട്ടില്ല.
കോട്ടയത്ത് ജില്ല സഹകരണ ബാങ്കുകളിലെ ജീവനക്കാരിൽ കുറെ പേരൊഴികെ മറ്റാർക്കും ശമ്പളം ലഭിച്ചില്ല. ശമ്പളം ഇനി എന്ന് ലഭിക്കുമെന്നും വ്യക്തതയില്ല. പത്തനംതിട്ടയിൽ പലയിടത്തും ശമ്പളം മുടങ്ങി. ചില ബാങ്കുകളിൽ 10,000 രൂപ വീതമാണ് നൽകിയത്. ആരെങ്കിലും പണയമെടുക്കാനോ മറ്റോ എത്തിയാൽ അവർ നൽകുന്ന പണം ജീവനക്കാർ വീതിച്ചെടുക്കുകയാണ്. വായ്പ തിരിച്ചടക്കുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്തിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ജപ്തിക്കും ചെറിയ വായ്പകൾക്കും ഇളവ് നൽകുന്നതിന് പകരം എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ വൻ വായ്പയെടുത്തവർ പോലും സഹകരണബാങ്കുകളിലേക്ക് വരാതായി. അതേസമയം, ജില്ല ബാങ്കുകളിലും അർബൻ സഹകരണബാങ്കുകളിലും ശമ്പളം മുടങ്ങിയില്ല.
ആഴ്ചയിൽ 24,000 രൂപയെന്ന വ്യക്തികൾക്കുള്ള പരിധിതന്നെയാണ് പ്രാഥമിക സഹകരണബാങ്കുകൾക്കും ബാധകം. ഇതുമൂലം ജില്ല ബാങ്കുകളൊഴികെയുള്ള സഹകരണസ്ഥാപനങ്ങളുടെയെല്ലാം ദൈനംദിനപ്രവർത്തനം സ്തംഭനത്തിലാണ്. നേരത്തേ നൽകിയ വായ്പകൾ ചിലർ തിരിച്ചടക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന വരുമാനം. വായ്പതിരിച്ചടവിലും വലിയ കുറവുണ്ടായി. വായ്പ തിരിച്ചടവിൽ കുറവുവരുന്നത് അടുത്തമാസം ശമ്പളം നൽകുന്നതടക്കം എല്ലാ ഇടപാടുകളും സ്തംഭനത്തിലാക്കുമെന്നാണ് ആശങ്കയുള്ളത്.
കണ്ണൂർ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ മിക്കയിടത്തും കാശില്ല. ജീവനക്കാരെൻറ ശമ്പളം 2000 വീതമേ ചില സംഘങ്ങൾ നൽകിയുള്ളൂ. കണ്ണൂർ ടൗണിലെ ഒരു ബാങ്കിൽ വേതനത്തിൽനിന്ന് ആദ്യത്തെ 15 ദിവസത്തിനകം 10,000 രൂപ പിൻവലിക്കാനേ ബാങ്ക് അനുവാദം നൽകിയുള്ളൂ.
മറ്റു ചില പ്രാഥമിക ബാങ്കുകൾ നിത്യം 2000 വീതം ആഴ്ചയിൽ പരമാവധി പതിനായിരമേ ശമ്പളമായി പിൻവലിക്കാവൂ എന്ന് ജീവനക്കാരോട് നിർദേശിച്ചു. ജോലിചെയ്ത് കഴിഞ്ഞ മാസത്തിെൻറ വേതനം നിത്യവൃത്തി ചെയ്യുന്ന കൂലിക്കാരന് തുല്യമായി നൽകാൻമാത്രം ചില ബാങ്കുകൾ കറൻസിയില്ലാതെ പാപ്പരായെന്നാണ് വിവരം.
പൊതുമേഖലാ ബാങ്കിലെ കറൻസി ജനത്തിെൻറ കൈയിലെത്തിയപ്പോൾ സഹകരണ മേഖലയിലെ പിഗ്മി ദൈനംദിന കലക്ഷൻ ചിലയിടത്ത് മുടങ്ങിയത് പുനരാരംഭിച്ചിട്ടുണ്ട്.
എന്നിട്ടും ബാങ്കുകളിലെ നീക്കിയിരിപ്പ് കറൻസി തുച്ഛം. 25 മുതൽ 70വരെ പിഗ്മി കലക്ഷൻ ഏജൻറുമാരുള്ള ബാങ്കുകളുണ്ട് കണ്ണൂർ ജില്ലയിൽ. ഏറ്റവും നല്ല ഡെപ്പോസിറ്റും എഴുപതോളം പിഗ്മി ഏജൻറുമാരുമുള്ള മാടായിയിലെ ബാങ്കിലും ജീവനക്കാരുടെ വേതനം തവണവ്യവസ്ഥയിൽ പിൻവലിക്കാവുന്ന വിധത്തിലാണ് അക്കൗണ്ടിൽ കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.