സഹകരണ നിക്ഷേപ തട്ടിപ്പ്: വി.എസ്. ശിവകുമാറിന് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കരമന പൊലീസ് എടുത്ത കേസിലെ മൂന്നാം പ്രതിയായ ശിവകുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
നവംബർ 15നകം ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് വേണ്ടി വന്നാൽ രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു.
സഹകരണ സംഘത്തിൽനിന്ന് തന്റെ പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നായർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ ശിവകുമാർ രാജ്യം വിടരുതെന്നും ഉത്തരവിൽ പറയുന്നു.
സഹകരണ സംഘത്തിലെ പ്രസിഡന്റും സെക്രട്ടറിയുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. എ ക്ലാസ് അംഗം മാത്രമാണ് താനെന്നും സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ തനിക്കു പങ്കില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വാദം.
എന്നാൽ, സൊസൈറ്റിയിലെ 83 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.