പച്ചത്തേങ്ങ സംഭരണത്തിന് സഹകരണ സംഘങ്ങളും
text_fieldsകോഴിക്കോട്: കൃഷിഭവനുകള്‍ക്കു പുറമേ, പ്രാഥമിക, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങൾ വഴിയും പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം താളം തെറ്റിയ സംഭരണം കൂടുതല്‍ ശക്തമാക്കാന്‍ കൃഷിവകുപ്പും കേരഫെഡും രംഗത്തിറങ്ങി. ഇതുസംബന്ധിച്ച മേഖല യോഗങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും നടന്നു. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും കേരഫെഡ് ചെയര്മാന് അഡ്വ. ജെ. വേണുഗോപാലന്‍ നായരും സഹകരണ സംഘങ്ങളുടെ ഭരണസമിതി ഭാരവാഹികളുമടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
നാളികേര ഉൽപാദനം ഏറ്റവും കൂടുന്ന വേനല്‍ക്കാലം തീരാറായിട്ടും കേരഫെഡിെൻറ നേതൃത്വത്തില്‍ ഉദ്ഘാടനം കഴിഞ്ഞതല്ലാതെ സംഭരണം തുടങ്ങിയിരുന്നില്ല. മുമ്പ് കൊപ്രസംഭരണം നടത്താന്‍ കേരഫെഡില്‍ അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്കും അനുമതിയുണ്ടായിരുന്നു. ഇതേ മാതൃകയില്‍ പച്ചത്തേങ്ങ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭരിച്ച തേങ്ങ കൊപ്രയാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍ ഇൗ സഹകരണ സംഘങ്ങള്‍ക്കില്ല. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുകയാണ്. സഹകരണ സംഘങ്ങള്‍ക്കു പുറമേ, നാളികേര വികസന ബോര്‍ഡിെൻറ കീഴിലുള്ള നാളികേര ഉൽപാദക സൊസൈറ്റികളും മറ്റും സംഭരണത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്്്.
കിലോക്ക് 25 രൂപ താങ്ങുവില നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിെൻറ ഉദ്ഘാടനം കഴിഞ്ഞ മാസം കരുനാഗപ്പള്ളിയിലെയും കോഴിക്കോട് മന്ദങ്കാവിലെയും കേരഫെഡ് ഫാക്ടറിയില്‍ അരങ്ങേറിയിരുന്നു. ഉദ്ഘാടനത്തിലൊതുങ്ങിയ സംഭരണമാണ് വ്യാപിപ്പിക്കാന്‍ കേരഫെഡ് ശ്രമിക്കുന്നത്. എന്നാൽ, യോഗങ്ങളും തീരുമാനങ്ങളും പിന്നിട്ട് സംഭരണം തുടങ്ങാന്‍ മഴക്കാലമാകും. അപ്പോഴേക്കും കര്‍ഷകരുടെ ൈകവശം നാളികേരവുമുണ്ടാവില്ല. വൈകിത്തുടങ്ങിയ സംഭരണം അതിനാല്‍ തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്. താങ്ങുവില 35 രൂപയായി ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പൊതുവിപണിയില്‍ 30രൂപയാണ് വിലയെന്നതിനാൽ കേരഫെഡിെൻറ സംഭരണത്തിന് തേങ്ങ കിട്ടാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ വര്‍ഷം വിപണിവില കുറവായതിനാല്‍ കര്‍ഷകര്‍ കൃഷിഭവനില്‍ തേങ്ങ വിൽക്കാൻ ഏറെ താൽപര്യം കാട്ടിയിരുന്നു. എന്നാൽ, പണം കൃത്യമായി കിട്ടാതിരുന്നത് കര്‍ഷകരെ കണ്ണീരുകുടിപ്പിച്ചു. ആറു മാസം വരെ കാത്തിരുന്നിട്ടും പലതവണ കയറിയിറങ്ങിയിട്ടുമാണ് പണം കിട്ടിയത്.
എന്നാല്‍, ഈ സീസണില്‍ വില്ക്കുേമ്പാള്തന്നെ കര്‍ഷകർക്ക് പണം നല്‍കുമെന്ന് കേരഫെഡ് ചെയര്മാന് ജെ. വേണുഗോപാലന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കുടിശ്ശികയുണ്ടായിരുന്ന 46.5 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ള തുകയടക്കമാണിത്. കഴിഞ്ഞ വര്‍ഷത്തെ സംഭരണം പൂര്‍ണവിജയമായിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ തേങ്ങയാണ് കൊപ്രയാക്കാനാവാതെ നശിച്ചത്. കച്ചവടക്കാര്‍ക്കാണ് ഗുണം കിട്ടുന്നതെന്ന പരാതിയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.