സാദിഖലി തങ്ങൾക്കെതിരായ പ്രസംഗം; സമസ്ത നിലപാടിൽ ലീഗിന് കടുത്ത അതൃപ്തി
text_fieldsമലപ്പുറം: മുശാവറ അംഗവും ജോയന്റ് സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ പ്രസംഗം സമസ്ത ഗൗരവമായെടുക്കാത്തതിൽ മുസ്ലിംലീഗിന് കടുത്ത അതൃപ്തി.
പ്രസംഗവുമായി സമസ്തക്ക് ബന്ധമില്ലെന്ന പ്രസ്താവന മാത്രം പോരെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരസ്യപ്രതികരണം ഇതിന്റെ സൂചനയാണ്. ലീഗ് നേതൃത്വം സമസ്തയെ അമർഷം അറിയിച്ചിട്ടുണ്ട്. അതിനിടെ, സമസ്ത-ലീഗ് തർക്കം പരസ്യപ്പോരിലേക്ക് എത്തുന്നതിന്റെ സൂചനയായി എടവണ്ണപ്പാറയിൽ വ്യാഴാഴ്ച സമസ്ത കോ ഓഡിനേഷൻ കമ്മിറ്റിയുടെ ബാനറിൽ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. മഹല്ലുകളുടെ ഖാദിയാകാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്നും സമസ്തയെ വെല്ലുവിളിക്കുന്ന സമീപനമാണ് മഹല്ലുകളിൽ നടക്കുന്നതെന്നുമുള്ള ഉമർ ഫൈസിയുടെ പ്രസ്താവന അത്യന്തം പ്രകോപനപരമായാണ് ലീഗ് കാണുന്നത്.
പ്രസംഗത്തിൽ ലീഗിന് താക്കീതും നൽകിയതും ലീഗണികളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയതും ഈ സാഹചര്യത്തിലാണ്. സാദിഖലി തങ്ങൾ ചെയർമാനും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ജനറൽ സെക്രട്ടറിയുമായ കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) വിഷയത്തിൽ സമസ്തയിലെ ഭിന്നത പരിഹരിക്കാൻ ചർച്ച നടക്കുന്നതിനിടെയാണ് ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന.
ഉമർ ഫൈസിക്കെതിരെ സമസ്ത നടപടിയെടുക്കാൻ തയാറായില്ലെങ്കിൽ ബന്ധം വഷളാകുന്ന സാഹചര്യമാണുള്ളത്. സമസ്ത-ലീഗ് ബന്ധം തകർക്കുകയെന്ന സി.പി.എമ്മിന്റെ ആഗ്രഹത്തിന് വളമേകുന്നതായി ഉമർ ഫൈസിയുടെ പ്രസംഗമെന്നാണ് വിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എം.പി. അബ്ദുസ്സമദ് സമദാനിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ പൊളിഞ്ഞിരുന്നു. അതിനുശേഷം കുറച്ചുകാലം ലീഗ്-സമസ്ത ബന്ധത്തിൽ നിലച്ചിരുന്ന അപശബ്ദങ്ങളാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.
സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരാ -കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കം നടത്തിയ പരാമർശവുമായി സമസ്തക്ക് ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോരെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ‘കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് അവസാനം ബന്ധമില്ലെ’ന്ന് പറഞ്ഞാൽ മാത്രം പോരാ.
കാര്യങ്ങൾ സമസ്ത നേതൃത്വവുമായി സംസാരിക്കണം. ഇത്തരം പ്രസ്താവനകൾ ഗൗരവതരമാണ്. ഇതിലൊക്കെ സമസ്തയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടിവരുമെന്നേ ഇപ്പോൾ പറയുന്നുള്ളൂ. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം നോക്കിയാൽ ഇതൊന്നും സംഭവിക്കാൻ പാടില്ല. മുൻകാലങ്ങളിൽ സംഭവിച്ചിട്ടുമില്ല. ഇത് ഗൗരവമായി കാണുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.