കൊറോണ: സംസ്ഥാനത്ത് 1053 പേർ നിരീക്ഷണത്തിൽ; ആശുപത്രിയിൽ 15 പേർ
text_fieldsതൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. പുതുതായി 247 പേർ ഉൾപ്പടെ സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 15 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഏഴ് പേരാണ് ഇന്ന് ആശുപത്രിയിൽ അഡ്മിറ്റായത്. 24 സാമ്പിളുകൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൽ 15 പേർക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. 24 പേരെ ഒരേ സമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിയെ വൈകീട്ടോടെ തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണമേർപ്പെടുത്തുന്ന ഓരോരുത്തർക്കും പ്രത്യേകം ശുചിമുറികളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീജിയർ പാലിച്ചാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് രാജ്യത്ത് ആദ്യമായി കൊറോണ ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തൃശൂർ ജനറൽ ആശുപത്രിയിൽ രോഗലക്ഷണങ്ങളെ തുടർന്ന് പ്രവേശിപ്പിച്ച നാലുപേരിൽ ഒരാൾക്കാണ് വൈറസ് ബാധയുള്ളത്. മറ്റ് മൂന്നുപേരുടെ ഫലം ലഭിച്ചിട്ടില്ലെന്നും ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കൺട്രോൾ റൂം തുറന്നു
തൃശൂർ ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. ജില്ല മെഡിക്കൽ ഓഫിസറാണ് ഇക്കാര്യം അറിയിച്ചത്.
ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ പൊതുജനങ്ങൾ ബന്ധപ്പെടാമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. 0487-2320466 (ഐ.ഡി.എസ്.പി.), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്), 9349171522 (ഡോ. രതി).
ജില്ല കലക്ടറേറ്റിലെ കൺട്രോൾ റൂം നമ്പറുകൾ 0487-2362424, 9447074424, 1077 (ജില്ലക്ക് പുറത്തുനിന്ന് വിളിക്കുന്നവർ 0487 കോഡ് ചേർത്ത് വിളിക്കണം.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.