കൊറോണ വൈറസ് വകഭേദം: കരുതലോടെ കേരളവും
text_fieldsതിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ അതിവേഗം പടരുന്ന കോവിഡ് വകഭേദത്തിനെതിരെ സംസ്ഥാനത്തും ജാഗ്രതയും കരുതലും. നിലവിലെ വൈറസിനെ അപേക്ഷിച്ച് (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന് (ജി-614) ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ കാലയളവ് നിലനിൽക്കാനുള്ള അതിജീവന ശേഷിയുമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പടർച്ച സാധ്യതയേറിയ നിർണായക ദിനങ്ങളിലാണ് പുതിയ ഭീഷണി കൂടിയുയരുന്നത്. വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങളും പരിശോധനകളും കുറവായ ദിവസങ്ങളാണ് പിന്നിട്ടത്. അതുകൊണ്ടുതന്നെ പുതിയ വകഭേദ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കേന്ദ്ര സർക്കാറിൽനിന്നുള്ള കാര്യമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇതില്ലാതെ സംസ്ഥാനത്തിന് മാത്രമായി അധികമൊന്നും ചെയ്യാനാകില്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു. 'വിമാനത്താവളങ്ങളിലെ പരിശോധനയിലടക്കം കേന്ദ്രസർക്കാറാണ് നിർദേശം നൽകേണ്ടത്. പരിശോധന-ക്വാറൻറീൻ കാര്യങ്ങളിലും വ്യാപനം നിയന്ത്രിക്കുന്നതിലുമാണ് സംസ്ഥാനത്തിന് ഇടപെടാനാകുക. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും വാക്സിനേഷനെ ബാധിക്കില്ലെന്നാണ് വിലയിരുത്തലെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസിെൻറ ജനിതക മാറ്റത്തെക്കുറിച്ച് സംസ്ഥാനത്തിനുള്ളിൽ കാര്യമായ പഠനങ്ങൾ നടക്കാത്തതിനാൽ ഇവയുടെ സാന്നിധ്യം അത്ര എളുപ്പം കെണ്ടത്താനാകില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിനുള്ള മതിയായ സംവിധാനങ്ങളും സംസ്ഥാനത്തില്ല. വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള പഠനകാര്യത്തിൽ ആരോഗ്യവകുപ്പ് കാര്യമായ താൽപര്യം കാട്ടുന്നില്ലെന്നത് നേരത്തേ ഉയരുന്ന ആക്ഷേപമാണ്.
ഇതിനായി ഏതാനും ഗവേഷണ സ്ഥാപനങ്ങൾ മുൻകൈയെടുത്തെങ്കിലും സർക്കാർ താൽപര്യം കാട്ടാത്തതിനെതുടർന്ന് പിന്മാറുകയായിരുന്നു. അതേസമയം ഡൽഹി ആസ്ഥാനമായ സ്ഥാപനവുമായി സഹകരിച്ച് കേരളത്തിലെ കൊറോണ വൈറസിെൻറ ജനിതക മാറ്റത്തെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് പുതിയ വകഭേദത്തിെൻറ സാന്നിധ്യം കൂടി പഠനത്തിെൻറ ഭാഗമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.