കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കൻ പഠനം
text_fieldsവാഷിങ്ടൺ: കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡിന്‍റെ ഭാഗമായി വരുന്ന തലവേദന, ആശക്കുഴപ്പം, പിച്ചും പേയും പറയുന്ന അവസ്ഥ ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. പഠനം പ്രാഥമിക ഘട്ടത്തിലാണെന്ന് അദ്ദേഹം പറയുന്നു. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്‍റെ അളവ് കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.
കൊറോണ വൈറസിന് തലച്ചോറിനെ നേരിട്ട് ബാധിക്കാനാകുമോ എന്ന പഠനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റി ന്യൂറോളജി തലവൻ ആൻഡ്രൂ ജോസഫ്സൺ ചൂണ്ടിക്കാട്ടി.
ഇവസാക്കിയും സംഘവും എലികളിലാണ് പരീക്ഷണം നടത്തിയത്. ഒരു സംഘം എലികളിലെ ശ്വാസകോശത്തിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു സംഘം എലികളിലെ തലച്ചോറിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠനവിധേയമാക്കിയത്. തലച്ചോറിലെ വൈറസ്ബാധ വളരെപെട്ടെന്ന് ശരീരഭാരം കുറക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. രോഗബാധ ഉണ്ടായ ഭാഗങ്ങളിൽ ടി സെല്ലുകൾ പോലുള്ള പ്രതിരോധ സെല്ലുകൾ ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു.
എന്നാൽ ഇത്തരം പഠനങ്ങൾ സസൂക്ഷ്മം വിലയിരുത്തപ്പെടേണ്ടതാണ്. സാർസ് വൈറസിനും സിക്ക വൈറസിനും തലച്ചോറിലെ സെല്ലുകൾക്ക് നാശം വരുത്താൻ കഴിയുമെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.