തട്ടുകട വഴിയരികിൽനിന്ന് മാറ്റാൻ കോർപറേഷൻ നിർദേശം; രോഗിയായ ഉടമ ജീവനൊടുക്കി
text_fieldsകൊല്ലം: തട്ടുകട വഴിയരികിൽനിന്ന് മാറ്റണമെന്ന കോർപറേഷൻ അധികൃതരുടെ നിർദേശത്തെ തുടർന്ന് രോഗിയായ ഉടമ ജീവനൊടുക്കി. രാമൻകുളങ്ങരക്കടുത്ത് ഇരട്ടക്കടയിൽ വഴിയരികിൽ തട്ടുകട നടത്തിയിരുന്ന വലിയകാവ് നഗർ-14ൽ ബാബുവാണ് (62) മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നെല്ലിമുക്ക്-കുരീപ്പുഴ പാത ഉപരോധിച്ചു.
രോഗിയായ ബാബുവും ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ഭാര്യ സുധർമ്മയും ചേർന്ന് വീട്ടിൽനിന്ന് പലഹാരങ്ങളുണ്ടാക്കി ഇവിടെവെച്ച് വിൽപന നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏഴുവരെയായിരുന്നു കച്ചവടം. സമീപവാസി കട മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം കോർപറേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കോർപറഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥർ കട ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ കച്ചവടം തുടരാൻ അനുവദിക്കണമെന്ന് പരാതിക്കാരനോട് ബാബു അപേക്ഷിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.
ബാബുവും ഭാര്യ സുധർമ്മയും എം.എസ്‌സി വിദ്യാർഥികളായ മക്കൾ ആര്യയും ആരതിയും കഴിഞ്ഞിരുന്നത് കടയിൽനിന്നുള്ള വരുമാനം കൊണ്ടായിരുന്നു. വിദേശത്തായിരുന്ന ബാബു രോഗബാധിതനായതിനെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടവുകൾ മുടങ്ങുകയും ജപ്തിഭീഷണിയുണ്ടാവുകയും ചെയ്തു. ഇതോടെ സുധർമ്മ റെയിൽവേ സ്റ്റേഷനിലും മറ്റും പൊതിച്ചോർ വിൽപനക്ക് പോയിരുന്നു. ശാരീരിക പ്രയാസങ്ങൾ കാരണം ഇതും മുടങ്ങിയതോടെയാണ് വായ്പയെടുത്ത തുകകൊണ്ട് ബാബു കട തുടങ്ങിയത്. അത് ഒഴിയണമെന്ന് ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
ബാബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലെത്തിച്ചു. ഈ സമയം, മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കടക്ക് സമീപം റോഡ് ഉപരോധിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസും ഡിവിഷൻ കൗൺസിലർ ശ്രീലതയും സ്ഥലത്തെത്തി ചർച്ചനടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം വൈകീട്ട് അഞ്ചോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.