കോർപറേഷൻ സബ്സിഡി തട്ടിപ്പ്; പൊലീസ്, വിജിലൻസ് അന്വേഷണം നിലച്ചു
text_fieldsതിരുവനന്തപുരം: തൊഴിലില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള തിരുവനന്തപുരം കോർപറേഷന്‍റെ സബ്സിഡി പദ്ധതിയിൽ 5.6 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ കേസിൽ പൊലീസിന്‍റെയും വിജിലൻസിന്‍റെയും അന്വേഷണം നിലച്ചു.
ഇടനിലക്കാരായ രണ്ടു വനിതകളെ അറസ്റ്റ് ചെയ്യുകയും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസർക്കെതിരെ കേസെടുക്കുകയും ചെയ്തെങ്കിലും കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ മ്യൂസിയം പൊലീസിനോ തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ വിജിലൻസിനോ കഴിഞ്ഞില്ല. കോര്‍പറേഷന്‍ വ്യവസായ വകുപ്പുദ്യോഗസ്ഥര്‍ വഴി നടപ്പാക്കിയ വനിത സ്വയംതൊഴില്‍ വായ്പ സബ്‌സിഡി പദ്ധതിയില്‍നിന്നും രണ്ടുവര്‍ഷംകൊണ്ടു മാത്രം 5.6 കോടി തട്ടിച്ചതായാണ് ഓഡിറ്റ് വകുപ്പിന്‍റെയും സി.എ.ജിയുടെയും കണ്ടെത്തൽ.
2019-20 കാലഘട്ടത്തിലെ പട്ടികജാതി വനിതകള്‍ക്കുള്ള വായ്പ സബ്‌സിഡിയിലാണ് ആദ്യം 1.26 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. അപേക്ഷക്കൊപ്പം സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർപരിശോധനയിൽ 2020-21ൽ 33 പട്ടികജാതി ഗ്രൂപ്പുകൾക്കും 119 ജനറൽ ഗ്രൂപ്പുകൾക്കും 2021-22ൽ 25 പട്ടികജാതി ഗ്രൂപ്പുകൾക്കും 38 ജനറൽ ഗ്രൂപ്പുകൾക്കും സബ്സിഡി അനുവദിച്ചതിലും ക്രമക്കേട് കണ്ടത്തി.
മേയർ ആര്യാ രാജേന്ദ്രന്‍റെ പരാതിയിൽ കോർപറേഷനിലെ എസ്.സി പ്രമോട്ടർ സിന്ധു, സഹായി അജിത എന്നിവരെ കഴിഞ്ഞ ആഗസ്റ്റിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിചയക്കാരുടെയും മറ്റും രേഖകൾ തരപ്പെടുത്തിയാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ പ്രവീണ്‍ രാജിനെയും പ്രതിചേര്‍ത്തു.
എന്നാൽ, കോടതി മുൻകൂർ ജാമ്യം നൽകിയതോടെ ഇയാളുടെ അറസ്റ്റ് ഉണ്ടായില്ല. വിജിലന്‍സ് അന്വേഷിക്കേണ്ട കേസായതിനാല്‍ മ്യൂസിയം പൊലീസ് ഉപദേശവും കാത്തിരിക്കുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്തി വിവിധ പട്ടികജാതി സംഘടനകൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി സിന്ധുവും അജിതയും വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. പട്ടികജാതി വിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ ഇവർ തട്ടിയെടുക്കുന്നെന്ന് മനസ്സിലാക്കിയ സംഘടന നേതാക്കൾ പണം ആവശ്യപ്പെട്ട് പ്രതികളെ സമീപിക്കുകയായിരുന്നു. ഒരു സംഘടനക്ക് 19 ലക്ഷം രൂപവരെ നൽകിയതായും പ്രതികൾ മൊഴി നൽകി.
തട്ടിപ്പിനെതിരെ കരമന വാർഡ് കൗൺസിലർ അജിത്ത് കഴിഞ്ഞ ആഗസ്റ്റില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. പ്രവീണ്‍ രാജിനെക്കൂടാതെ മറ്റൊരു വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ ഷെഫിന്‍റെ സമയത്തും തട്ടിപ്പ് നടന്നതായി സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ക്രിമിനല്‍ കേസടക്കം നിശ്ചലമാണെങ്കിലും തദ്ദേശ വകുപ്പിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറുടെ നേതൃത്വത്തിൽ പുതിയ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രവീണിന്‍റെയും ഷെഫിന്‍റെയും മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.