Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.എം.എം.എക്ക് വീഴ്ച...

എ.എം.എം.എക്ക് വീഴ്ച പറ്റി; തിരുത്തൽ അനിവാര്യം -പൃഥ്വിരാജ്

text_fields
bookmark_border
എ.എം.എം.എക്ക് വീഴ്ച പറ്റി; തിരുത്തൽ അനിവാര്യം -പൃഥ്വിരാജ്
cancel

കൊച്ചി: താരസംഘടനയായ എ.എം.എം.എക്ക് വീഴ്ച പറ്റിയെന്നതിൽ സംശയമില്ലെന്ന് നടൻ പൃഥ്വിരാജ്. മുമ്പ് പല പരാതികളും ഉയർന്നു വന്നപ്പോൾ താരസംഘടന അതിനോട് ലാഘവത്വം കാണിച്ചു. സംഘടനയിലെ തെറ്റുകൾ തിരുത്തി കൂടുതൽ കരുത്തോടെ തിരിച്ചു വരണം. മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല എന്ന് വ്യക്തിപരമായി അനുഭവമില്ലാത്തതിന്റെ പേരിൽ തനിക്ക് ഉറപ്പിച്ച് പറയാനാകില്ലെന്നും നടൻ പറഞ്ഞു.

പാർവതി തിരുവോത്തിനും മുമ്പേ സിനിമയിൽ വിലക്ക് നേരിട്ട വ്യക്തിയാണ് താൻ. തന്നെയും സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അവരെയാണ് പവർ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്നത് എങ്കിൽ അതില്ല എന്ന് താൻ പറയില്ല. അത്തരത്തിലുള്ള ബഹിഷ്‍കരണവും വിലക്കും സിനിമയിൽ പാടില്ലെന്നും നടൻ പറഞ്ഞു.

എല്ലാ സംഘടനകളുടെയും തലപ്പത്ത് വനിതകളുടെ പ്രാതിനിധ്യം വേണമെന്നാണ് വിശ്വസിക്കുന്നത്. എ.എം.എം.എക്ക് അതിൽ വ്യത്യാസമൊന്നുമില്ല. തന്റെ സിനിമ സെറ്റിൽ ഐ.സി.സി ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രം എല്ലാമായില്ല. എല്ലാ സിനിമകളുടെയും സെറ്റുകളിൽ ആ കമ്മിറ്റി ഉറപ്പാക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഒന്നാണ്. കുറ്റാരോപിതർക്കെതിരെ വസ്തുനിഷ്ഠമായ അന്വേഷണം വേണം. തെറ്റ് ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണം. റിപ്പോർട്ടിലെ ആരോപണ വിധേയരുടെ പേരുകൾ പുറത്തുവിടുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. പേരുകൾ പുറത്തുവിടുന്നതിന് നിയമ തടസ്സമില്ലെന്നും നടൻ ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് തന്റെ സിനിമകളിൽ മാത്രമല്ല എല്ലാ സിനിമകളുടെ സെറ്റുകളിലും ഇന്റേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉറപ്പാക്കിയാൽ മാത്രമേ തന്റെ ഉത്തരവാദിത്തം പൂർത്തിയാകൂ.

ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവർക്ക് നേരെ ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുന്നത് തന്നെയാണ് നല്ലത്. അതുപോലെ ഇങ്ങനെയൊരു തിരുത്തൽ ആദ്യം നടന്നത് മലയാള സിനിമയിലാണെന്ന് ഇന്ത്യൻ സിനിമ ചരിത്രം ഒരിക്കൽ രേഖപ്പെടുത്തും. സിനിമ കോൺക്ലേവ് പ്രശ്നപരിഹാരത്തിന് കൂടി ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കാനല്ലേ പറ്റൂ. ഏതെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉപകരിക്കുമെങ്കിൽ നല്ലതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍

ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാന്‍ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകള്‍ പുറത്തുവിടാന്‍ നിയമതടസ്സം ഉണ്ടെന്ന് കരുതുന്നില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവരാണ്.

ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ അന്വേഷിക്കപ്പെടണം. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ഞാൻ റിപ്പോർട്ടിൽ ഇല്ല എന്നത് കൊണ്ട് എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല.

ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്. എ.എം.എം.എക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്റെ സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമൊരുക്കിയാൽ എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. മറ്റ് സിനിമ സെറ്റുകളിൽ കൂടി അത് വരണം. അപ്പോഴേ ഉത്തരവാദിത്തം അവസാനിക്കുന്നുള്ളൂ.

വ്യക്തിപരമായി അനുഭവം ഇല്ലാത്തതിന്റെ പേരിൽ മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല. മാറ്റി നിർത്തിയെന്ന് പറയുന്ന പാർവതി തിരുവോത്തിനും മുമ്പേ സിനിമയിൽ വിലക്ക് നേരിട്ട വ്യക്തിയാണ് ഞാൻ. എന്നെയും സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അവരെയാണ് പവർ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്നത് എങ്കിൽ അതില്ല എന്ന് പറയില്ല. അത്തരത്തിലുള്ള ബഹിഷ്‍കരണവും വിലക്കും സിനിമയിൽ പാടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranHema Committee Report
News Summary - Correction is necessary in AMMA -Prithiraj
Next Story