ഗുരുവായൂര്‍ മേൽപാലത്തിന്റെ അനുബന്ധ ജോലികള്‍ ഉടന്‍ തുടങ്ങും
text_fieldsഗുരുവായൂര്‍: മേൽപാലത്തിന്റെ അനുബന്ധ ജോലികള്‍ ഉടന്‍ ആരംഭിക്കാന്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
അവശേഷിക്കുന്ന ജോലികള്‍ ഇവയാണ്: പാലത്തിന്റെ താഴത്തെ ഭാഗം സൗന്ദര്യവത്കരണവും ടൈല്‍ വിരിക്കലും, പാലത്തിന്റെ മുകളിലെയും സര്‍വിസ് റോഡിലെയും ഡ്രെയിനേജ് സിസ്റ്റം, റെയില്‍വേ പാളത്തിന് അടുത്തായി പാലത്തിലേക്ക് കയറാനുള്ള പടികള്‍, റോഡില്‍ സ്റ്റഡുകള്‍ സ്ഥാപിക്കല്‍, പെയിന്റിങ് പൂര്‍ത്തീകരിക്കല്‍. അടുത്ത ദിവസം തന്നെ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
ഗതാഗതം ക്രമീകരിക്കും
പാലത്തിലെ അപകടങ്ങളും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ ഗതാഗതം ക്രമീകരിക്കും. കര്‍ണംകോട് ഗേറ്റിന്റെ ഭാഗത്ത് നിന്നും ഹൗസിങ് ബോര്‍ഡ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ നേരിട്ട് പാലത്തിലേക്ക് കയറാനാകില്ല. ഇതിനാവശ്യമായ ക്രമീകരണം അടിയന്തരമായി നടപ്പാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തി. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സർവിസ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴയീടാക്കും. ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
അടിപ്പാത നിര്‍മിക്കാമെന്ന് റെയില്‍വേ
ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്കിയാല് തിരുവെങ്കിടം അടിപ്പാത തങ്ങള്‍ നിര്‍മിക്കാമെന്ന് റെയില്‍വേ. നിലവില്‍ കെ റെയിലിനാണ് അടിപ്പാതയുടെ നിര്‍മാണ ചുമതല. സ്ഥലം ഏറ്റെടുത്ത് നല്കിയാല് അടിപ്പാത തങ്ങള്‍ തന്നെ നിര്‍മിക്കാമെന്ന് റെയില്‍വേ അറിയിച്ചതായി കെ റെയില്‍ എം.ഡി. എന്‍.കെ. അക്ബര്‍ എം.എല്‍.എയെ അറിയിച്ചു.
നഗസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, ടെമ്പിള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്, എസ്.ഐ കെ. ഗിരി, മുനിസിപ്പില്‍ എന്‍ജിനീയര്‍ ഇ. ലീല എന്നിവര്‍ സംസാരിച്ചു.
പണി തുടങ്ങിയാല്‍ നാടോടി സംഘങ്ങളെ നീക്കും
ഗുരുവായൂര്‍: മേൽപാലത്തിന്റെ അടിഭാഗത്തെ ടൈല്‍ വിരിക്കലിനും സൗന്ദര്യവത്കരണത്തിനും അവിടെ തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങള്‍ തടസ്സമാകില്ലെന്ന് പൊലീസ്. ആവശ്യമായ ജോലിക്കാര്‍ എത്തിയാല്‍ നാടോടി സംഘങ്ങളെ നീക്കുമെന്ന് എസ്.എച്ച്.ഒ സി. പ്രേമാനനന്ദകൃഷ്ണന് അറിയിച്ചു. നാടോടി സംഘങ്ങളെ നീക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ കത്ത് നല്‍കിയിരുന്നതായി കരാറുകാര്‍ അറിയിച്ചു.
അവലോകന യോഗത്തിന് ശേഷം മേൽപാലത്തിന്റെ അടിഭാഗം സന്ദര്‍ശിച്ച എം.എല്‍.എക്കും നഗരസഭാധ്യക്ഷനും മുന്നില്‍ സമീപത്തെ വ്യാപാരികളും നാടോടി സംഘങ്ങളെ മാറ്റിത്തരണമെന്ന ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.