400 കോടി ചെലവഴിച്ച തിരുവനന്തപുരം - അങ്കമാലി റോഡിൽ അഴിമതിയെന്ന് എം.പി
text_fieldsകൊട്ടാരക്കര: ജില്ലയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡായ തിരുവനന്തപുരം-അങ്കമാലി സ്റ്റേറ്റ് ഹൈവേ നിർമാണത്തിൽ അഴിമതി നടന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. കുളക്കട എം.സി റോഡിൽ ദമ്പതികളും കുഞ്ഞും മരിച്ച കാറപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കൊടിക്കുന്നിൽ സുരേഷ് ആരോപണമുയർത്തിയത്. കൊട്ടാരക്കര പട്ടണത്തിന്‍റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന എം.സി റോഡിലെ ആയൂർ മുതൽ ഏനാത്ത് പാലം വരെയുള്ള ഭാഗം സുരക്ഷാ ഇടനാഴി എന്നാണ് കെ.എസ്.ടി.പി പ്രഖ്യാപിച്ചിട്ടുള്ളത്.
കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ അടുത്ത കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന പ്രവർത്തനം നടത്തിയിരുന്നു. റോഡിന്‍റെ അശാസ്ത്രീയമായ പ്രവൃത്തികൾ മൂലം നിരവധി ജീവനാണ് ഈ മേഖലയിൽ പൊലിഞ്ഞത്. എന്നാൽ, ഈ ഭാഗത്തുള്ള റോഡിൽ ഒരു സുരക്ഷ മുന്നൊരുക്കവും നടത്താൻ കെ.എസ്.ടി.പിക്ക് കഴിഞ്ഞിട്ടില്ല. അശാസ്ത്രീയ റോഡ് നിർമാണം നടത്തിയവർക്കെതിരെ ശക്തമായ അന്വേഷണം നടത്താൻ മന്ത്രി തയാറാകണം.
കുളക്കട, വാളകം തുടങ്ങിയ സ്ഥലങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക വഴി കുട്ടികളും മുതിർന്നവരും തിരക്കേറിയ റോഡ് മുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ കുറക്കാം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായ ട്രോമാ കെയറിൽ ന്യൂറോ ഓർത്തോ വിഭാഗത്തിൽ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കണം.
അത്യാഹിതം സംഭവിച്ചവരെ റഫർ ചെയ്ത് മറ്റ് ആശുപത്രികളിൽ അയക്കാതെ ഇവിടെതന്നെ സമയബന്ധിതമായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ കഴിയണം, സീബ്രാ ലൈൻ വരച്ചിട്ടുള്ള ഭാഗങ്ങളിൽ ആവശ്യത്തിന് റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം, അപകട സാധ്യതാ മുന്നറിയിപ്പുകൾ ബ്ലോക്ക് സ്പോട്ട് സ്ഥലങ്ങൾക്ക് മുമ്പായി ഒന്നിലധികം സ്ഥലത്ത് സ്ഥാപിക്കണം, വളവുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കണം, സുരക്ഷാ ഇടനാഴി ഭാഗങ്ങളിൽ ആവശ്യമായ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണം എന്നീ ആവശ്യങ്ങളും എം.പി മുന്നോട്ട് വെച്ചു. കുളക്കട, കലയപുരം, വാളകം, വയക്കൽ ഭാഗങ്ങളിൽ ട്രാഫിക് സിഗ്നൽ സംവിധാനവും, ഇവിടങ്ങളിലും പനവേലി, മൈലം എന്നിവിടങ്ങളിൽ സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.