ഇ.പി.ക്കെതിരെ പരാതി എഴുതി നൽകാനൊരുങ്ങി പി.ജെ; സി.പി.എമ്മിൽ പിറക്കുന്നത് പുതിയ സമവാക്യങ്ങൾ
text_fieldsഇ.പി. ജയരാജനെതിരായ അഴിമതി ആരോപണത്തിൽ പി. ജയരാജൻ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി തല അന്വേഷണത്തിനായി പരാതി എഴുതി നൽകണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെടുന്നത്. പരാതി എഴുതി നൽകാൻ തന്നെയാണ് പി. ജയരാജൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സി.പി.എം സംസ്ഥാന സമിതിയിലെ ചർച്ച വാർത്തയായതിനെ തുടർന്ന്, വാർത്ത നിഷേധിക്കാതെ പാർട്ടി നയം വിശദീകരിക്കുകയായിരുന്നു പി. ജയരാജൻ ചെയ്തത്. വ്യക്തിപരമായ ആക്ഷേപമല്ലെന്നും സമൂഹത്തിലെ തെറ്റായ പ്രവണത സഖാക്കളിൽ കാണാമെന്നുമാണ് ജയരാജൻ പറഞ്ഞത്. ഈ പ്രതികരണം പാർട്ടിയെ പൂർണമായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരം ചർച്ചകൾ തന്നെ നടന്നില്ലെന്ന് പറഞ്ഞ്, പതിവ് രീതിയിൽ വാർത്തയെ തള്ളിപ്പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ പരാതി എഴുതി വാങ്ങി, അന്വേഷണ കമ്മീഷനെ വെച്ച് പ്രവർത്തകർക്ക് മുൻപിൽ മുഖം രക്ഷിക്കാനാണ് നേതൃത്വത്തിെൻറ പുതിയ നീക്കം. ഇതിനിടെ, ഇ.പി ജയരാജനെതിരായ പി. ജയരാജെൻറ ആരോപണം സി.പി.എമ്മിൽ പുതിയ ചേരി രൂപപ്പെടുന്നതിെൻറ ഭാഗമാണെന്ന് പറയുന്നു.
കണ്ണൂർ ജില്ലയിൽ കോടിയേരി നേതൃത്വം നൽകിയ സമവായ രാഷ്ട്രീയം പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. നേതാക്കൾക്കിടയിൽ നേരത്തെയും പലതരത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും കോടിയേരിയുടെ നേതൃപാടവത്തിൽ അത്, പുറം ലോകം അറിഞ്ഞില്ല. ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയ ശേഷം പി.ബിയിൽ എടുത്തതോടെ ഇ.പി. ജയരാജൻ പൊതുപരിപാടിയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്തിരുന്നിട്ടും തിരുവനന്തപുരത്ത് എത്താതെ അവധിയെടുത്ത് കണ്ണൂരിലെ വീട്ടിൽ വിശ്രമിച്ചു. ഇക്കാര്യത്തിൽ വന്ന വാർത്തകളെ പാടെ നിഷേധിക്കുകയായിരുന്നു ഇ.പി. ജയരാജൻ ചെയ്തത്. പി.ബി അംഗമാകാനുള്ള യോഗ്യത തനിക്കില്ലെന്നായിരുന്നു ഇ.പിയുടെ പ്രതികരണം.
കണ്ണൂരിലെ മറ്റ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി വ്യക്തിപരമായി സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാത്ത നേതാവെന്ന സൽപേര് പി. ജയരാജനുണ്ട്. ഇന്നലെ ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് പി. ജയരാജൻ നൽകിയ വിശദീകരണത്തിന് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പ്രതികരണം ഇതിനുതെളിവാണ്. ``സഖാവെ അഴിമതിക്കെതിരെ പേരാടൂ'' എന്ന തരത്തിലായിരുന്നു പ്രതികരണങ്ങളിലേറെയും. ഇതിലൂടെ പൊതുസമൂഹത്തിൽ തനിക്കുള്ള സ്വീകര്യത വിലയിരുത്താൻ പി. ജയരാജനു കഴിയും. പി.ജെക്കുള്ള ജനകീയ പിന്തുണയെ കുറിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ആരോപണത്തെ ഗൗരവത്തോടെ കാണുന്നത്. എന്നാൽ, ഇ.പിക്കെതിരായി മാത്രം ആരോപണം ഒതുങ്ങുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പാർട്ടി ബന്ധമുള്ളവർ നൽകുന്ന സൂചന. അനധികൃതമായി സ്വത്ത് സമ്പാദിച്ചവരെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്താൻ പി. ജയരാജന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തിറങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.