ഫെയർകോഡിന് കരാർ നൽകിയതിന് പിന്നിൽ അഴിമതി, ബെവ്കോക്ക് അന്ത്യകൂദാശ -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണത്തിന് ഫെയർകോഡ് കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാനദണ്ഡപ്രകാരം മുൻപരിചയമുള്ളവർക്കാണ് കരാർ നൽകേണ്ടിയിരുന്നത്. എന്നാൽ, പരിചസമ്പന്നരായ കമ്പനികളെ തഴഞ്ഞാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തത്.
ഫെയർകോഡിന് വെർച്വൽ ക്യൂ രീതിയിൽ പരിചയസമ്പത്തില്ല. അവരെ തെരഞ്ഞെടുത്തത് നടപടിക്രമം നോക്കാതെയാണ്. സി.പി.എമ്മിൻെറ സഹയാത്രികൻെറ കമ്പനിയാണിത്. ക്വാട്ട് ചെയ്ത മറ്റു കമ്പനികൾ നാല് ദിവസം കൊണ്ട് ആപ്പ് പ്രവർത്തിപ്പിച്ച് തരാമെന്നാണ് പറഞ്ഞത്. ഏഴ് ദിവസം ആണ് ഫെയർ കോഡ് ആവശ്യപ്പെട്ടത്. എന്നാൽ, ഇവർക്ക് 14 ദിവസം വേണ്ടിവന്നു.
ഇതുകൂടാതെ ഓരോ എസ്.എം.എസിനും 15 പൈസയാണ് ചെലവ്. രണ്ട് കമ്പനികൾ ഒരു പൈസയും എസ്.എം.എസിന് വേണ്ട എന്ന് പറഞ്ഞിരുന്നു. ഫെയർകോഡ് ആവശ്യപ്പെട്ടത് 12 പൈസായണ്. എന്നാൽ, സർക്കാറിൻെറ പ്രത്യേക താൽപ്പര്യം കാരണം 15 പൈസയാക്കി കൊടുത്തു. ഇതുവഴി ആറ് കോടി രൂപയാണ് ഫെയർകോഡിന് ഒരു വർഷം അധികം ലഭിക്കുക. 15 പൈസ എന്നത് ആരാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കണം.
2.84 ലക്ഷം രൂപയാണ് ഫെയർ കോഡിന് നൽകുന്നത്. ഇതിന് പുറമെ എല്ലാ വർഷവും പരിപാലന ചെലവിലേക്ക് രണ്ട് ലക്ഷം കൊടുക്കണം. പരിപാലന ചെലവ് വേണ്ട എന്ന് മറ്റു കമ്പനികൾ പറഞ്ഞെങ്കിലും അവരെയെല്ലാം തഴയുകയായിരുന്നു. കൂടാതെ ട്രെയിനിങ്ങിന് ഒരാൾക്ക് 2000 രൂപയും നൽകേണ്ടതുണ്ട്.
മദ്യവിൽപ്പനയിൽ 20 ശതമാനം കമീഷൻ ഇനി ബാറുടമകൾക്കാണ് ലഭിക്കുക. ഇതോടെ പൊതുമേഖലയായ ബെവ്കോയുടെ അന്ത്യകൂദാശയാണ് സംഭവിക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.