അഴിമതി: കാപെക്സ് എം.ഡി ആർ. രാജേഷിന് സസ്പെൻഷൻ
text_fieldsകൊല്ലം: തോട്ടണ്ടി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് കാപെക്സ് (കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപെക്സ് ഇൻഡ്സ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റി) മാനേജിങ് ഡയറക്ടർ ആർ. രാജേഷിനെ സസ്പെൻഡ് ചെയ്തു. 2018-19 വർഷങ്ങളിലെ തോട്ടണ്ടി വാങ്ങലുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാലയളവിലെ തോട്ടണ്ടി ഇടപാടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താനും അനുമതി നൽകി.
2018ൽ തോട്ടണ്ടി വാങ്ങിയതിലെ ക്രമക്കേടിനെത്തുടർന്ന് സസ്പെൻഡ് ചെയ്തിരുന്ന രാജേഷിനെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. സസ്പെൻഷൻ കാലയളവിൽ ഉപജീവന ബത്ത ക്രമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കശുമാവ് കർഷകർക്ക് ന്യായവില ലഭിക്കുന്നതിന് ചെറുകിട കർഷകരിൽനിന്ന് തോട്ടണ്ടി വാങ്ങുന്നതിനുള്ള ഉത്തരവിന്‍റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വ്യാപാരികളിൽ നിന്ന് വാങ്ങിയായിരുന്നു ക്രമക്കേട്.
ഇതുവഴി വ്യാപാരികൾക്ക് കൊള്ളലാഭം ലഭിക്കുകയും കാപെക്സിന് വൻ നഷ്ടം സംഭവിക്കുകയും ചെയ്തു. വ്യാപാരികളുമായുള്ള തോട്ടണ്ടി ഇടപാട് ഡയറക്ടർ ബോർഡിൽനിന്ന് മറച്ചുവെച്ചതായും പരിശോധനയിൽ വ്യക്തമായി. കാപെക്സ് എം.ഡിയുടെ ചുമതല കാഷ്യൂ കോർപറേഷൻ ചെയർമാൻ രാജേഷ് രാമകൃഷ്ണന് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.