മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ സുന്ദര വീണ്ടും ചിത്രത്തിൽ
text_fieldsകാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിവാദ നായകനായ കെ. സുന്ദര വീണ്ടും തെരഞ്ഞെടുപ്പ് ചിത്രത്തിൽ. പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കെ. സുന്ദര സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ഇത് മൂന്നാം തവണയാണ് സുന്ദര തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബി.എസ്.പി. സ്ഥാനാർഥിയായി കെ. സുന്ദര പത്രിക നൽകിയത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രൻ വഴി രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സുന്ദരയെ തട്ടികൊണ്ടുപോയി വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്.
എസ്.ടി.എസ്.സി വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരവും സുരേന്ദ്രനെതിരെ കേസുണ്ട്. സുരേന്ദ്രൻ കൈക്കൂലി നൽകിയെന്ന് കെ. സുന്ദരയുടെ മാധ്യമ വെളിപ്പടുത്തിലിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.എമ്മിലെ വി.വി. രമേശനാണ് ജനപ്രാതിനിധ്യ നിയമ പ്രകാരം ഹരജി നൽകിയത്. കുമ്പളയിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ താൽകാലിക ജീവനക്കാരനാണ് സുന്ദര. ‘താൻ മത്സരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. പത്ത് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. രണ്ടാഴ്ച പ്രചാരണം നടത്തും. അതിനായി അവധിയെടുക്കും. ആര് പറഞ്ഞാലും പിൻവലിക്കില്ല. ജയിക്കാനാണ് മത്സരിക്കുന്നത്. എത്രവോട്ട് കിട്ടുമെന്ന് ഇപ്പോൾ പറയാനാവില്ല. കെട്ടിവെക്കാനുള്ള തുക സംഭാവനയായി ലഭിക്കുമെന്ന വിശ്വാസമുണ്ട്- സുന്ദര പറഞ്ഞു. മഞ്ചേശ്വരം കേസ് തള്ളണമെന്ന് കെ. സുരേന്ദ്രന്റെ അപേക്ഷയിൽ ഇന്നലെ വാദം നിശ്ചയിച്ചിരുന്നു. അതിനുവേണ്ടി ഹാജരാകാൻ എത്തിയതായിരുന്നു സുന്ദര. വാദം മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.