പ്രളയ ദുരന്തം പണംകൊയ്യാനുള്ള വഴിയാക്കി ഉദ്യോഗസ്ഥർ; ധനസഹായത്തിൽ ക്രമക്കേടിെൻറ പ്രളയം
text_fieldsസംസ്ഥാനം ഒരിക്കലും അനുഭവിക്കാത്ത പ്രളയമാണ് 2018ലുണ്ടായത്. പ്രളയ ദുരന്തത്തിൽ ഉയർന്ന് കേട്ട നിലവിളി സർവവും നഷ്ടപ്പെട്ട ജനങ്ങളുടെതായിരുന്നു. ജീവിതത്തിലെ വെച്ചുസൂക്ഷിപ്പുകളെല്ലാം ഒന്നാകെ െവള്ളത്തിലായവർ. സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിൽ ഒതുങ്ങുന്നതായിരുന്നില്ല കുതിച്ചെത്തിയ വെള്ളം കവർന്നത്. എന്നാൽ, ദുരന്തമുഖത്ത് നിന്ന മനുഷ്യർക്ക് സർക്കാർ അനുവദിച്ച ഫണ്ടുപോലും തട്ടിയെടുത്തവർ നമ്മുടെ നാട്ടിലുണ്ട്. പ്രളയം അടക്കമുള്ള ദുരന്തങ്ങൾപോലും പണംകൊയ്യാനുള്ള പുതുവഴിയായി കണ്ടെത്തിയ ഉദ്യോഗസ്ഥർ. സർക്കാർ പണം സന്ത്വം അക്കൗണ്ടിലേക്ക് ഒഴുക്കിയവർ. 'മാധ്യമം' പരമ്പര ഇന്നുമുതൽ...
പ്രളയ ധനസഹായ വിതരണത്തിൽ കാക്കനാട് കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ചത് ലാൻഡ് റവന്യൂ ജോയൻറ് കമീഷണർ ഡോ. എ. കൗശിഗനാണ്. അദ്ദേഹം സർക്കാറിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗുരുതര വീഴ്ചയുടെയും കെടുകാര്യസ്ഥതയുടെയും തട്ടിപ്പിെൻറയും വഴികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതോടൊപ്പം സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിെൻറ ചിത്രവും അദ്ദേഹം വ്യക്തമാക്കുന്നു. 2018 ഒക്ടോബർ 26െൻറ സർക്കാർ ഉത്തരവ് പ്രകാരം നാല് കാറ്റഗറിയിൽപെട്ടവർക്ക് ആശ്വാസ ധനസഹായമായി വിതരണം ചെയ്ത കേസുകളെ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. വിതരണത്തിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് നാല് വിധത്തിലുള്ള ഡാറ്റകൾ പരിശോധനക്ക് വിധേയമാക്കി. ഗുണഭോക്താക്കളുടെ ലിസ്റ്റിൽ അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കി വിശകലനം നടത്തി.
കലക്ടറേറ്റിലെ നാഷനൽ ഇൻഫർമേഷൻ സെൻറർ(എൻ.ഐ.സി) വിഭാഗം പരിഹാരം സെല്ലിലേക്ക് നൽകിയ ഗുണഭോക്താക്കളുടെ ലിസ്റ്റ്, കലക്ടറേറ്റിലെ പരിഹാരം സെൽ വഴി തയാറാക്കിയ ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സിസ്റ്റം (ബിംസ്) ലിസ്റ്റ്, ഗുണഭോക്താക്കൾക് തുക വിതരണം ചെയ്ത ട്രഷറിയിലെ ഡാറ്റ, അപ്പീൽ ഡേറ്റ എന്നിവയാണ് പരിശോധന നടത്തിയത്.
ജില്ലയിൽ വളൻറിയർമാരിൽനിന്ന് ഫീൽഡിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കലക്ടറേറ്റിലെ എൻ.ഐ.സി വിഭാഗത്തിെൻറ നേതൃത്വത്തിൽ സോഫ്റ്റ്വെയറിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിത്. അത് എം.എക്സ്.എൽ ഫോർമാറ്റിലാക്കി കലക്ടറേറ്റിലെ പരിഹാരം സെല്ലിലേക്ക് ഇ-മെയിലായി അയച്ചു. 191 ലിസ്റ്റുകളാണ് ഇ-മെയിൽ വഴി അയച്ചതെന്ന് ഇൻഫർമേഷൻ ഓഫിസർ ജോർജ് ഈപ്പൻ മൊഴി നൽകി.
ദുരിതാശ്വാസ ധനസഹായം വിതരണം കലക്ടറേറ്റിലെ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരുന്നു. സോഫ്റ്റ് വെയറിെൻറ പോരായ്മ ചൂഷണം ചെയ്ത് ഉദ്യോഗസ്ഥർ ക്രമക്കേടുകൾ നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ പ്രവർത്തനങ്ങളിൽ കലക്ടർക്കും സംഘത്തിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നപ്പോൾ ധനസഹായ വിതരണത്തിൽ അട്ടിമറി നടന്നെന്നാണ് റിപ്പോർട്ട്.
വിഷ്ണുപ്രസാദ് തട്ടിയത് 9.65ലക്ഷം
പ്രളയ ദുരിതാശ്വാസ ധനസഹായവിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ 13 ജീവനക്കാരാണ് പ്രവർത്തിച്ചിരുന്നത്. അതിൽ ക്ലർക്കായ വിഷ്ണുപ്രസാദിനെ മാത്രമാണ് ഈ തട്ടിപ്പിൽ കൈയോടെ പിടികൂടിയത്. 2019 ജനുവരി അഞ്ച് മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള കാലയളവിൽ വിഷ്ണു പ്രസാദ് വിവിധ ബാങ്കുകളിലെ സ്വന്തം അക്കൗണ്ട് നമ്പറുകളിലേക്ക് ബിംസ് (ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സിസ്റ്റം) പട്ടികയിൽ വിഷ്ണു, വിഷ്ണു പ്രസാദ് എന്നീ പേരുകൾ ഉൾപ്പെടുത്തി 9.65ലക്ഷം തട്ടിയെടുത്തു.
2019 ജനുവരി 24ന് 661 ഗുണഭോക്താക്കൾക്ക് 10,000 രൂപ ക്രമത്തിൽ വിതരണം ചെയ്യാൻ ലിസ്റ്റ് തയാറാക്കിപ്പോൾ 66,10,000 രൂപയാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ, ചെക്കിലെ തുക 67,10,000 രൂപയായി ഉയർത്തി. അധികമായി വന്ന ഒരു ലക്ഷം രൂപ വിഷ്ണുപ്രസാദ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. അതോടൊപ്പം ഗുണഭോക്താക്കളുടെ എണ്ണം 662 എന്ന് തിരുത്തി.
മറ്റൊരു ലിസ്റ്റിൽ 729 ഗുണഭോക്താക്കൾക്ക് 10,000 രൂപ ക്രമത്തിൽ 72,90,000 രൂപ നൽകണം. ഇവിടെയും ചെക്കിലെ തുക 74,70,000 എന്നാക്കി. ലിസ്റ്റിൽ 635ാം നമ്പറായി രതീഷ് എന്ന പേര് ചേർത്തു. അങ്ങനെ ഒരു ലക്ഷം തട്ടി. 644 ാം നമ്പറായി സ്വന്തം അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയും അനധികൃതമായി കൈമാറി.
1000 ഗുണഭോക്താക്കളുള്ള ലിസ്റ്റിലും ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 1.25 ലക്ഷംവീതം വിതരണം ചെയ്ത 525 ഗുണഭോക്താക്കളുടെ മറ്റൊരു ലിസ്റ്റിലും വിഷ്ണുവിെൻറ പേര് ചേർത്തു. അങ്ങനെ 1.25 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് എത്തിച്ചു. അന്വേഷണത്തിൽ ഈ തുകകൾ വിഷ്ണു പ്രസാദ് സ്വന്തം പേരിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി.
എൻ.ഐ.സി ലിസറ്റിൽ ഉൾപ്പെടാത്ത അക്കൗണ്ട് നമ്പറുകൾ ബിംസ് (ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സിസ്റ്റം) ലിസ്റ്റിൽ ഉൾപ്പെടുത്തി തട്ടിയെടുത്ത തുക തിരിച്ചുപിടിക്കുന്നതിന് കലക്ടർ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
തിരിമറി ധാരാളം നടന്നിട്ടുണ്ടെങ്കിലും മറ്റ് ഉദ്യോഗസ്ഥർ നേരിട്ട് പണം തട്ടിയെടുത്തതിന് തെളിവുകൾ കണ്ടെത്താനായില്ല. വിഷ്ണുപ്രസാദിന് സ്വന്തം പേരിലോ ബിനാമി പേരിലോ കേരളത്തിലോ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലോ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോയെന്നും, അതിലേക്ക് തുക വകമാറ്റിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.